കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമം; നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച, മന്‍മോഹന്‍ സിങ് ഫോണില്‍ വിളിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുതിര്‍ന്ന നേതാവ് കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ശ്രമം
കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമം; നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച, മന്‍മോഹന്‍ സിങ് ഫോണില്‍ വിളിച്ചു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുതിര്‍ന്ന നേതാവ് കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ശ്രമം. കെ വി തോമസിനെ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. നാളെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുകുള്‍വാസ്‌നികും കെ.വി.തോമസുമായി ഫോണില്‍ സംസാരിച്ചു.

സീറ്റ് നിഷേധിക്കപ്പെട്ട വാര്‍ത്തയറിഞ്ഞ കെ.വി. തോമസ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ടെന്നും ഞെട്ടലുണ്ടാക്കിയെന്നും പറഞ്ഞു. ഒഴിവാക്കുമെന്ന സൂചനകളൊന്നും നല്‍കിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖം. എന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം. താന്‍ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല. പ്രായമായത് തന്റെ തെറ്റല്ല. ആകാശത്തുനിന്ന് പൊട്ടിവീണ ആളല്ല താന്‍. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹികസേവനവുമായി മുന്നോട്ടുപോകുമെന്നും കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

എറണാകുളം എംപിയായി മാതൃകാ സേവനം കാഴ്ച വച്ച തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ദുഃഖമുണ്ടെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്, ആകാശത്ത് നിന്ന് പൊട്ടി വീണ ആളല്ല താനെന്നും പ്രായമായത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തീരുമാനം അംഗീകരിക്കുന്നു. പക്ഷേ പറയാമായിരുന്നു. അതുണ്ടായില്ല. ആരോഗ്യവും ശേഷിയും ജനങ്ങളുടെ അംഗീകാരവുമുണ്ട്. ഒരു ഹിന്റുപോലും തരാതെയാണ് ഈ തീരുമാനം കൈക്കൊണ്ടതില്‍ വേദനയും ദുഃഖവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏല്‍പ്പിച്ച ജോലികള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, വല്ലാര്‍പാടം എന്നിങ്ങനെ എല്ലാ പദ്ധതികളും മാതൃകാപരമായി പൂര്‍ത്തീകരിച്ചു. 124 ശതമാനമാണ് എം പി ഫണ്ട് ചെലവഴിച്ചത്. ഒരു ഗ്രൂപ്പിന്റെയും പ്രതിനിധിയല്ല താനെന്നും അത്തരം വീതം വയ്പ്പാണോ നടന്നതെന്ന് ജനങ്ങളും മാധ്യമങ്ങളും തീരുമാനിക്കട്ടെ. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് തനിക്ക് ഇന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

 സാധാരണ കോണ്‍ഗ്രസുകാരനായിരുന്ന തന്നോട് പാര്‍ട്ടി ഒരുപാട് നീതി ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ ജനിച്ച എന്നെ എംപിയും മന്ത്രിയുമൊക്കെയാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക്  എന്നെ വേണ്ടെങ്കില്‍ എങ്ങനെ രാഷ്ട്രീയ രംഗത്തും സാമൂഹ്യരംഗത്തും പ്രവര്‍ത്തിക്കണമെന്ന് എനിക്കറിയാം. പാര്‍ട്ടിയെ സംബന്ധിച്ച എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്ത ആളാണ്.

എന്നെ ആര്‍ക്കും കറിവേപ്പിലയായി കളയാന്‍ സാധിക്കില്ല. ജനങ്ങളുടെ വേദനയും ആവശ്യങ്ങളും മനസിലാക്കുന്ന വ്യക്തിയാണ്. ഇന്നലെ ഒന്നര മണിക്കൂര്‍ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചിരുന്നു. അവരില്‍ ഒരാള്‍ പോലും ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം മണ്ഡലത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡന്‍ എംഎല്‍എയെയാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com