കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീവ്രശ്രമം ; സോണിയയുമായി ഇന്ന് കൂടിക്കാഴ്ച

കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും മുകുള്‍ വാസ്‌നിക്കും കെ വി തോമസിനെ ടെലഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി
കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീവ്രശ്രമം ; സോണിയയുമായി ഇന്ന് കൂടിക്കാഴ്ച

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധവുമായി, ഇടഞ്ഞുനില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കെ വി തോമസിനെ ടെലഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി. 

സീറ്റി നിഷേധിച്ചതിന്റെ പേരില്‍ കടുത്ത നടപടികളിലേക്ക് പോകരുതെന്ന് ഇരുവരും കെ വി തോമസിനോട് അഭ്യര്‍ത്ഥിച്ചു. സോണിയഗാന്ധിയും മുകുള്‍ വാസ്‌നിക്കും ഇന്ന് കെ വി തോമസുമായി കൂടിക്കാഴ്ച നടത്തിയേക്കും.  കൂടിക്കാഴ്ചയ്ക്കായി സോണിയ അറിയിച്ചതായി കെ വി തോമസ് പറഞ്ഞു. സീറ്റ് നിഷേധിച്ചതില്‍ ഏറെ ദുഃഖമുണ്ടെന്നും, താന്‍ ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ലെന്നും കെ വി തോമസ് പറഞ്ഞു. 

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കെ വി തോമസിനെ ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരത്തില്‍ ഒരു തീരുമാനം എടുക്കേണ്ട സമയം അല്ല ഇതെന്ന് കെ വി തോമസ് പറഞ്ഞു. എന്നാല്‍ ഇതിനുള്ള സാധ്യത പൂര്‍ണമായും തോമസ് തള്ളിക്കളഞ്ഞിട്ടുമില്ല. തോമസിനെ തഴഞ്ഞ്, ഹൈബി ഈഡനെയാണ് എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com