കെ വി തോമസിനെ അമിത് ഷാ റാഞ്ചുമോ ?; ബിജെപി ക്യാംപിലെത്തിക്കാന്‍ ശ്രമം ; നീക്കത്തിന് പിന്നില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും

പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ എറണാകുളം സീറ്റ് നല്‍കാമെന്നും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍
കെ വി തോമസിനെ അമിത് ഷാ റാഞ്ചുമോ ?; ബിജെപി ക്യാംപിലെത്തിക്കാന്‍ ശ്രമം ; നീക്കത്തിന് പിന്നില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും

ന്യൂഡല്‍ഹി : ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന കെവി തോമസിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടാണ് നീക്കങ്ങള്‍ സജീവമാക്കിയത്. അടുത്തിടെ ബിജെപിയിലെത്തിയ ടോം വടക്കനാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 

പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ എറണാകുളം സീറ്റ് നല്‍കാമെന്നും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കെ വി തോമസ് പാര്‍ട്ടിയിലെത്തിയാല്‍ സീറ്റ് നല്‍കുന്നത്  അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയാകും. 

കെ വി തോമസിനെ പാര്‍ട്ടിയിലെത്തിക്കുന്നത് സംബന്ധിച്ച നീക്കങ്ങളില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ഇടപെട്ടിട്ടുണ്ട്. നിര്‍മ്മല സീതാരാമനും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ വാഗ്ദാനങ്ങളില്‍, അനുകൂല നിലപാടൊന്നും കെ വി തോമസ് അറിയിച്ചിട്ടില്ലെന്നും സൂചനയുണ്ട്. 

കെ വി തോമസ് പാര്‍ട്ടിയിലെത്തിയാല്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുതിയ നേതാക്കളെ വിശാല മനസ്സോടെ സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കെ വി തോമസിനെ കൂടാതെ, പി ജെ കുര്യനെയും ബിജെപി നോട്ടമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com