തുഷാര്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ല ; മുന്‍ നിലപാടില്‍ അയഞ്ഞ് വെള്ളാപ്പള്ളി

മല്‍സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ല
തുഷാര്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ല ; മുന്‍ നിലപാടില്‍ അയഞ്ഞ് വെള്ളാപ്പള്ളി

ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി സംവിധാനമാകുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷനെന്ന നിലയില്‍ മല്‍സരിക്കേണ്ടി വന്നേക്കാം. മല്‍സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

വെള്ളിയാഴ്ച രാത്രി ബിജെപി കേന്ദ്രനേതാക്കളായ ഗുരുമൂര്‍ത്തിയും മുരളീധര റാവുവും വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നിലപാട് മയപ്പെടുത്തിയത്. വെള്ളാപ്പള്ളി പച്ചക്കൊടി കാണിച്ചെങ്കിലും മല്‍സരിക്കുന്നത് സംബന്ധിച്ച് തുഷാര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

തുഷാര്‍ മല്‍സരിക്കുന്നതിനെ എതിര്‍ക്കില്ല. എന്നാല്‍ പ്രചാരണത്തിനോ പരസ്യപ്രസ്താവനകള്‍ക്കോ താന്‍ ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി ബിജെപി നേതാക്കളെ അറിയിച്ചു. തുഷാര്‍ മല്‍സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ താല്‍പ്പര്യം. ഇക്കാര്യം ബിജെപി നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

തുഷാര്‍ മല്‍സരിക്കാന്‍ സന്നദ്ധനായാല്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തൃശൂര്‍ മണ്ഡലം നല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തുഷാര്‍ മല്‍സരിക്കേണ്ടെന്ന നിലപാട് വെള്ളാപ്പള്ളി എടുത്തതോടെ അദ്ദേഹം പിന്മാറുകയായിരുന്നു എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com