പകരത്തിന് പകരം; അന്ന് ഹൈബിയെ ഒതുക്കി, ഇന്ന് തോമസിനെ തിരിച്ചുവെട്ടി; ചരിത്രത്തിന്റെ കാവ്യനീതി 

ചരിത്രത്തിന്റെ പകരം വീട്ടലിന് കൂടിയാണ് എറണാകുളം ഇത്തവണ സാക്ഷിയാകുന്നത്
പകരത്തിന് പകരം; അന്ന് ഹൈബിയെ ഒതുക്കി, ഇന്ന് തോമസിനെ തിരിച്ചുവെട്ടി; ചരിത്രത്തിന്റെ കാവ്യനീതി 

യുവാക്കളുടെ പോരാട്ടത്തിനാണ് ഇത്തവണ മെട്രോ നഗരം സാക്ഷിയാകുക. മുതിര്‍ന്ന നേതാവ് കെ വി തോമസിന് പകരം ഹൈബി ഈഡനില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷയര്‍പ്പിച്ചതിലുടെയാണ് യുവാക്കളുടെ പോരാട്ടത്തിന് നാന്ദികുറിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ പി രാജീവിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. 

ചരിത്രത്തിന്റെ പകരം വീട്ടലിന് കൂടിയാണ് എറണാകുളം ഇത്തവണ സാക്ഷിയാകുന്നത്. പി രാജീവ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്തിയപ്പോഴും സിറ്റിങ് മണ്ഡലമായ എറണാകുളത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് വൈകി. അതില്‍ നിന്നുതന്നെ കെ.വി തോമസിനെ മാറ്റിനിര്‍ത്തുമെന്ന സൂചന വ്യക്തമായിരുന്നു. കണക്കുക്കൂട്ടലുകള്‍ തെറ്റാതെ ഒടുവില്‍ പ്രഖ്യാപനം എത്തി. കെ വി തോമസിനെ മാറ്റിനിര്‍ത്തി എംഎല്‍എയായ ഹൈബി ഈഡനെ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചു. എന്നാല്‍ അതിനപ്പുറം ചില ചരിത്രങ്ങള്‍ കൂടി ഈ പ്രഖ്യാപനത്തിന്റെ ഭാഗമാകുന്നുണ്ട്.

2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് എറണാകുളത്ത് ഹൈബി സ്ഥാനാര്‍ഥിയാകുമെന്ന് ആകെ പ്രചാരണം കൊഴുത്തു. ഹൈബിയെ നേരിടാന്‍ സിന്ധു ജോയിയെ രംഗത്തിറക്കാന്‍ സിപിഎം തീരുമാനിച്ചു. യുവാക്കളുടെ പോരാട്ടത്തിന് ഇതാ എറണാകുളത്ത് കളമൊരുങ്ങുന്നു എന്നതായിരുന്നു പ്രചാരണം. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ആ വാര്‍ത്ത പുറത്തുവന്നു. ഹൈബിക്ക് സീറ്റില്ല. കെ വി തോമസിന് ഹൈക്കമാന്‍ഡ് ടിക്കറ്റ് നല്‍കി. പോരാട്ടത്തിന് കച്ചമുറുക്കിയ ഹൈബിയെ വെട്ടി അന്ന് കെ.വി തോമസ് മല്‍സരരംഗത്തിറങ്ങി. പിന്നീട് രണ്ടുതവണയും എറണാകുളം കെ.വി തോമസിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

എന്നാല്‍ തനിക്കൊരു മൂന്നാം അങ്കത്തിന് കൂടി യൗവനം ബാക്കിയുണ്ടെന്ന തോമസിന്റെ ധാരണയെ കൂടി വെട്ടിനിരത്തിയാണ് ഇപ്പോള്‍ 2019ല്‍ ഹൈബിയുടെ വരവ്. ഇതിനൊപ്പം ചേര്‍ത്ത് കെട്ടാവുന്ന മറ്റൊരു ഉദാഹരണം കൂടിയുണ്ട്. അന്ന് ഹൈബിയെ വെട്ടി സ്ഥാനാര്‍ഥിയാകുമ്പോള്‍ കെ.വി തോമസ് എംഎല്‍എയായിരുന്നു. ഇന്ന് ഹൈബിയും.

ഒഴിവാക്കിയതിന്റെ നീരസം മിനിറ്റുകള്‍ക്ക് ഉള്ളില്‍ തന്നെ കെ വി തോമസ് വ്യക്തമാക്കിയതും പ്രതീക്ഷയ്ക്ക് വിപരീതമായി ചിലത് നടന്നുവെന്ന സൂചനയും നല്‍കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് തനിക്കു സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെ ഒഴിവാക്കിയത് ഞെട്ടലുണ്ടാക്കി. ഒഴിവാക്കുമെന്ന സൂചനകളൊന്നും നല്‍കിയില്ല. പറയാത്തതിലാണ് ഏറെ ദുഃഖം. എന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണം. താന്‍ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ല. പ്രായമായത് തന്റെ തെറ്റല്ല. ആകാശത്തുനിന്ന് പൊട്ടിവീണ ആളല്ല താന്‍. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹികസേവനവുമായി മുന്നോട്ടുപോകുമെന്നും കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com