പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ; ചെന്നിത്തലയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല, ബിജെപി വാഗ്ദാനം നടത്തിയിട്ടില്ല: കെവി തോമസ്

സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ താന്‍ പാര്‍ട്ടി വിട്ടു പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്
പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ; ചെന്നിത്തലയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല, ബിജെപി വാഗ്ദാനം നടത്തിയിട്ടില്ല: കെവി തോമസ്

ന്യൂഡല്‍ഹി: സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ താന്‍ പാര്‍ട്ടി വിട്ടു പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ക്ഷോഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല സഹോദരനെപ്പോലെയാണ്. ഞങ്ങള്‍ ലീഡറിന്റെ ശിഷ്യന്‍മാരാണ്. അതിന്റെ സ്വാതന്ത്ര്യം രമേശിനേടുണ്ട്. രമേശിന്റെ പെരുമാറ്റം ശരിയല്ലെന്ന് തോന്നി,അതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്- തോമസ് ഡല്‍ഹിയില്‍ പറഞ്ഞു. 

ബിജെപി നേതാക്കളില്‍ നിന്നും വാഗ്ദാനങ്ങള്‍ വന്നു എന്ന വാര്‍ത്തയും അദ്ദേഹം തള്ളിക്കളഞ്ഞു. തനിക്ക് എല്ലാ പാര്‍ട്ടികളിലും നല്ല സുഹൃത്തുക്കള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. താനൊരു കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടിയോടും സോണിയ ഗാന്ധിയോടും കടപ്പാടുണ്ട്. ഏത് ഉത്തരവാദിത്തമാണ് തരേണ്ടതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ചില സമയത്തെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല- കെവി തോമസ് പറഞ്ഞു. 

തനിക്ക് ഗ്രൂപ്പില്ലെന്നും തന്റെ ഗ്രൂപ്പ് കോണ്‍ഗ്രസ് ആണെന്നും പറഞ്ഞ കെവി തോമസ്, ഇനി ഗ്രൂപ്പുണ്ടാക്കാന്‍ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് ഹൈബി ഈഡന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് കോണ്‍ഗ്രസ് നൂറുശതമാനം ജയിക്കും. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണ്. ആര് സ്ഥാനാര്‍ത്ഥിയായാലും ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അനുനയ ശ്രമങ്ങള്‍ക്കായി രാവിലെ കെവി തോമസിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയോട് അദ്ദേഹം ക്ഷോഭിച്ചിരുന്നു. എന്തിനാണ് ഈ നാടകമെന്ന് കെവി തോമസ് ചോദിച്ചു.

നിങ്ങളുടെ നാടകങ്ങളൊക്കെ എനിക്ക് അറിയാമെന്നും കെ വി തോമസ് ചെന്നിത്തലയോട് പറഞ്ഞു. കെ വി തോമസിന് പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അപ്പോള്‍ ഒരു ഓഫറും വെക്കേണ്ടെന്നും, ഇതുമായി വരേണ്ടെന്നും തോമസ് ചെന്നിത്തലയോട് പറഞ്ഞു.

ഹൈബി ഈഡന്‍ ജയിച്ചാല്‍ എറണാകുളം അസംബ്ലി മണ്ഡലത്തില്‍ ഉണ്ടാകുന്ന ഒഴിവില്‍ കെ വി തോമസിന് സീറ്റ് നല്‍കാമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായാണ് സൂചന. കൂടാതെ എഐസിസി ഭാരവാഹിത്വം, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ പദവികളും കെ വി തോമസിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com