ജനിച്ചപ്പോള്‍ തൊട്ട് ഇടതിനൊപ്പം; പി കെ ബിജുവിന്റെ കോട്ട തകര്‍ക്കാന്‍ രമ്യ, ആലത്തൂരിന്റെ നിറം മാറുമോ? 

പാലക്കാട് ജില്ലയിലെ നാലും തൃശ്ശൂര്‍ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നാല്‍ ആലത്തൂര്‍ ലോക്‌സഭാമണ്ഡലമായി
ജനിച്ചപ്പോള്‍ തൊട്ട് ഇടതിനൊപ്പം; പി കെ ബിജുവിന്റെ കോട്ട തകര്‍ക്കാന്‍ രമ്യ, ആലത്തൂരിന്റെ നിറം മാറുമോ? 

ലോക്‌സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തോടെയാണ് 2009ല്‍ ആലത്തൂര്‍ (എസ്.സി.സംവരണം) നിലവില്‍ വരുന്നത്. പാലക്കാട് ജില്ലയിലെ നാലും തൃശ്ശൂര്‍ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നാല്‍ ആലത്തൂര്‍ ലോക്‌സഭാമണ്ഡലമായി. ഇക്കുറി മൂന്നാം തെരഞ്ഞെടുപ്പാവുമ്പോള്‍ ഹാട്രിക് പ്രതീക്ഷയോടെയാണ് ഇടതുപക്ഷം.

മഴനിഴല്‍പ്രദേശമായ വടകരപ്പതിമേഖല,പഴയ ആദിവാസിമേഖല ഉള്‍ക്കൊള്ളുന്ന മുതലമട, തോട്ടം മേഖലയുള്‍പ്പെടുന്ന നെല്ലിയാമ്പതി, തിരക്കേറിയ വാണിജ്യകേന്ദ്രമായ കുന്നംകുളം ഇങ്ങനെ വൈവിധ്യങ്ങളേറെയാണെങ്കിലും അടിസ്ഥാനപരമായി കാര്‍ഷികമണ്ഡലമാണ് ആലത്തൂര്‍. കാര്‍ഷികമേഖലയിലെ ചലനങ്ങളും കുടിവെള്ളവുമൊക്കെ തെരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിച്ചു. ഇത്തവണയും ഉയര്‍ന്നുവരാനുള്ള പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ടതാവും. 

2009ല്‍ മണ്ഡലം  നിലവില്‍വന്നപ്പോള്‍ അന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി കെ ബിജു മൂന്നാം അങ്കത്തിനാണ് തയ്യാറെടുക്കുന്നത്. ആദ്യതവണ 20,960 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജു നേടിയത്. രണ്ടാമൂഴത്തില്‍ ഭൂരിപക്ഷം 37,444 വോട്ടായി വര്‍ധിച്ചു. മണ്ഡലത്തിലുടനീളമുള്ള സി.പി.എമ്മിന്റെ ശക്തമായ സംഘടനാസംവിധാനമായിരുന്നു ഭൂരിപക്ഷത്തിനുപിന്നില്‍. 

കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.ഇവരിലുടെ മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ ജീവിതം മാറ്റിമറിച്ചത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോള്‍ രാഹുല്‍ അവരിലെ നേതൃപാടവും തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ബി.ജെ.പി. വോട്ടുവിഹിതം വര്‍ധിപ്പിച്ചിരുന്നു. സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മികച്ചപ്രകടനം എന്‍.ഡി.എ. പ്രതീക്ഷിക്കുന്നുണ്ട്. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പ് 

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 37,312 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പി കെ ബിജുവിന്റെ വിജയം. 4,11,808 വോട്ടുകളാണ് പി കെ ബിജു നേടിയത്. യുഡിഎഫിന്റെ കെ എ ഷീബ 3,74, 496 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ ഷാജുമോന്‍ 87,803 വോട്ടുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

പാലക്കാട് ജില്ലയുടെ ഭാഗമായ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ എന്നി നിയമസഭ മണ്ഡലങ്ങളും തൃശൂരിന്റെ കീഴില്‍ വരുന്ന ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നി നിയമസഭ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ ലോക്‌സഭ മണ്ഡലം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും പി കെ ബിജുവാണ് മുന്നിലെത്തിയത്.

2016 നിയമസഭ തെരഞ്ഞെടുപ്പ്

രണ്ടുവര്‍ഷം കഴിഞ്ഞ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമാണ്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം എന്നി നിയമസഭ മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ വടക്കാഞ്ചേരിയില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ബിജെപിയുടെ വോട്ടുവിഹിതം 2014ലെ 87,803ല്‍ നിന്ന് 1,50,538 ആയി ഉയര്‍ന്നു.


ആകെ വോട്ടര്‍മാര്‍: 12,34,294
സ്ത്രീ വോട്ടര്‍മാര്‍: 6,30,438
പുരുഷ വോട്ടര്‍മാര്‍: 6,03,854
പുതിയ വോട്ടര്‍മാര്‍: 35894

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com