റോഡില്‍ ചീറിപ്പായുന്നവര്‍ സൂക്ഷിക്കുക; വാഹനത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഒപ്പിയെടുക്കാന്‍ 780  ന്യൂജെന്‍ ക്യാമറകള്‍ 

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ റഡാറും ക്യാമറയും ഘടിപ്പിച്ച പ്രത്യേകവാഹനം റോഡരികിലുണ്ടാകും
റോഡില്‍ ചീറിപ്പായുന്നവര്‍ സൂക്ഷിക്കുക; വാഹനത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഒപ്പിയെടുക്കാന്‍ 780  ന്യൂജെന്‍ ക്യാമറകള്‍ 

തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനങ്ങളില്‍ ചീറിപ്പായുന്നവര്‍ യാത്രയ്ക്ക് ഭീഷണിയായിരിക്കുകയാണ്. ഇവരുടെ റോഡിലെ വര്‍ധിച്ച തോതിലുളള സാന്നിധ്യം വാഹനയാത്ര പേടിസ്വപ്‌നമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ഇവരെ കയ്യോടെ പിടികൂടാന്‍ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നടപടിക്ക് ഒരുങ്ങുകയാണ് അധികൃതര്‍. 

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ റഡാറും ക്യാമറയും ഘടിപ്പിച്ച പ്രത്യേകവാഹനം റോഡരികിലുണ്ടാകും. നിങ്ങളുടെ വാഹനത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഒപ്പിയെടുത്ത് ഉടന്‍ അവ പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെത്തിക്കും. വെഹിക്കിള്‍ മൗണ്ടഡ് റഡാര്‍ ബെയ്‌സ്ഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഇത്തരം  60 വാഹനം ഉടന്‍ നിരത്തിലിറങ്ങും. ഇതിനായി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിച്ചു.

റോഡപകടങ്ങള്‍ കുറയ്ക്കാനും നിരത്തുകളിലെ കുറ്റകൃത്യം തടയാനുമായി  പ്രധാന റോഡുകളില്‍  780  അത്യാധുനിക ക്യാമറകളും സ്ഥാപിക്കും. നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറ, റഡാര്‍ ബെയ്‌സ്ഡ് ഓട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ്, റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍, സമാര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ്  ഇന്റലിജന്‍സ് ക്യാമറകളാണ് സ്ഥാപിക്കുക. രാജ്യത്ത് ആദ്യമായാണ് റോഡുകളില്‍ നിര്‍മിത ബുദ്ധി ക്യാമറകള്‍ സ്ഥാപിക്കുന്നത്. 

ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നവയെ പിടികൂടാന്‍  30 പ്രധാന ജങ്ഷനുകളിലാണ് 200 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ടീവ് ക്യാമറ സ്ഥാപിക്കുക. 100 കേന്ദ്രത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിക്കുന്നത്. ഹെല്‍മെറ്റും സീറ്റുബെല്‍റ്റുമില്ലാതെ വാഹനമോടിക്കുന്നവരുടെ ദൃശ്യങ്ങള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും െ്രെഡവറുടെ ചിത്രവും സഹിതം ഇവ ഒപ്പിയെടുത്ത് കണ്‍ട്രോള്‍റൂമിലേക്ക് കൈമാറും. വാഹനത്തിന്റെ വേഗം ഒഴികെയുള്ള മറ്റ് നിയമലംഘനങ്ങള്‍ പിടികൂടാനാണ് സ്മാര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിക്കുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ ഇത്തരം 400 ക്യാമറ സ്ഥാപിക്കും. ക്യാമറയ്ക്കുമുന്നിലെത്തുമ്പോഴുള്ള വേഗം മാത്രം പിടിക്കുന്നതിനുള്ള (സ്‌പോട്ട് ഡിറ്റക്ഷന്‍) ക്യാമറയാണ് നിലവില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും ഉപയോഗിക്കുന്നത്.

ക്യാമറയ്ക്കടുത്തെത്തുമ്പോള്‍ പലരും വേഗം കുറയ്ക്കും. പിന്നീട് അമിതവേഗത്തില്‍  ഓടിച്ചുപോകും. ഇത്തരക്കാരെ കുടുക്കാനാണ് റഡാര്‍ ബെയ്‌സ്ഡ് ഓട്ടോമാറ്റിക് സ്പീഡ് ക്യാമറ. വാഹനത്തിന്റെ ശരാശരി വേഗവും  ഇവ നിര്‍ണയിക്കും. പദ്ധതിക്കായി പൊലീസ് ആസ്ഥാനത്ത് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നുണ്ട്. പത്തുവര്‍ഷത്തേക്ക് ബോള്‍ട്ട് (ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കരാര്‍ എടുക്കുന്ന കമ്പനിയാകും പദ്ധതി നടപ്പാക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും. എന്നാല്‍, പത്തുവര്‍ഷം കഴിഞ്ഞാല്‍ ഇവ സര്‍ക്കാരിന് കൈമാറും.  കെല്‍ട്രോണാണ് പദ്ധതി തയ്യാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com