രണ്ടിലയുടെ 'കോട്ട'യം; പതിനാറില്‍ പതിനൊന്ന് തവണയും വലത്തേക്ക്; അട്ടിമറിക്കാന്‍ വാസവന്‍

വലതുപക്ഷത്തോട് അടുത്തുനില്‍ക്കുന്ന മണ്ഡലമാണ് കോട്ടയം. മണ്ഡലം രൂപീകൃതയമായതിന് ശേഷം നടന്ന പതിനാറ് തെരഞ്ഞെടുപ്പുകളില്‍ പതിനൊന്നിലും വിജയിച്ചത് യുഡിഎഫ്
രണ്ടിലയുടെ 'കോട്ട'യം; പതിനാറില്‍ പതിനൊന്ന് തവണയും വലത്തേക്ക്; അട്ടിമറിക്കാന്‍ വാസവന്‍

ലതുപക്ഷത്തോട് അടുത്തുനില്‍ക്കുന്ന മണ്ഡലമാണ് കോട്ടയം. മണ്ഡലം രൂപീകൃതയമായതിന് ശേഷം നടന്ന പതിനാറ് തെരഞ്ഞെടുപ്പുകളില്‍ പതിനൊന്നിലും വിജയിച്ചത് യുഡിഎഫ്. അഞ്ചുതവണ ഇടതുപക്ഷം അട്ടിമറി വിജയത്തിലൂടെ മണ്ഡലം പിടിച്ചു. ആദ്യം കോണ്‍ഗ്രസ് മത്സരിച്ചുകൊണ്ടിരുന്ന മണ്ഡലം ഇപ്പോള്‍ യുഡിഎഫിലെ സഖ്യകക്ഷി കേരള കോണ്‍ഗ്രസ് എമ്മിനുള്ളതാണ്. ഇത്തവണ തോമസ് ചാഴിക്കാടനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. 

സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ് വിഭാഗം കലാപക്കൊടി ഉയര്‍ത്തിയെങ്കിലും തല്‍ക്കാല വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ആശ്വാസത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. മറുപക്ഷത്ത് ജെഡിഎസില്‍ നിന്നും സീറ്റ് തിരിരകെ വാങ്ങി ജില്ലയിലെ അമരക്കാരനെ തന്നെ രംഗത്തിറക്കി അട്ടിമറി ജയം നേടാനാണ് സിപിഎം ശ്രമം. ബിജെപിക്കൊപ്പമുള്ള കേരള കോണ്‍ഗ്രസിന്റെ നേതാവ് പിസി തോമസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മുമ്പ് ബിജെപിയുടെകൂടി പിന്തുണയോടെ പിസി തോമസ് മൂവാറ്റുപുഴ എംപിയായിരുന്നു. മലയോര കര്‍ഷകര്‍ ഭൂരിഭാഗമുള്ള മണ്ഡലത്തില്‍ റബ്ബര്‍ വിലയിടിവ് പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും. ക്രൈസ്തവ,നായര്‍ വോട്ടുബാങ്കുകളാണ് ഭൂരിപക്ഷം. 

1989മുതല്‍ 1996വരെ മൂന്നുവട്ടം രമേശ് ചെന്നിത്തലയെ വിജയിപ്പിച്ച കോട്ടയംകാര്‍, 1998മുതല്‍ 2004വരെ സുരേഷ് കുറുപ്പിലൂടെ ഇടത് പക്ഷത്തിന് അവസരം നല്‍കി. 2009ല്‍ ജോസ് കെ മാണിയിലൂടെ വീണ്ടും വലത്തേക്ക് ചാഞ്ഞ മണ്ഡലം 2014ഉം ജോസ് കെ മാണിക്ക് അവസരം നല്‍കി. ജനതാദളിലെ മാത്യു ടി തോമസിനെ 1,20,599 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോസ് കെ മാണി ലോക്‌സഭയിലെത്തിയത്. ജോസ് കെ മാണി  4,24,194 വോട്ട് നേടിയപ്പോള്‍ മാത്യു ടി തോമസ് 3,03,595 വോട്ട് നേടി. മൂന്നാംസ്ഥാനത്തെത്തിയ എന്‍ഡിഎയുടെ നോബിള്‍
 മാത്യുവിന് ലഭിച്ചത് 44,357വോട്ട്. 2018ല്‍ ലോക്‌സഭാംഗത്വം രാജിവച്ച് ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതോടെ മണ്ഡലം അനാഥമായി.  

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

പിറവം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, പാലാ എന്നിവയാണ് കോട്ടയം മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭ മണ്ഡലങ്ങള്‍. ഏഴ് മണ്ഡലങ്ങളും യുഡിഎഫിന് ഒപ്പം നിന്നു. വോട്ട് നില ഇങ്ങനെ: പിറവം(63942), പാലാ(66968) കടുത്തുരുത്തി(63554) വൈക്കം (54623), ഏറ്റുമാനൂര്‍ (56429), കോട്ടയം(56395), പുതുപ്പള്ളി(61552). 

2016 നിയമസഭ തെരഞ്ഞെടുപ്പ്

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പിറവം എന്നിവിടങ്ങളില്‍ യുഡിഎഫ് ജയിച്ചപ്പോള്‍, ഏറ്റുമാനൂരിലും വൈക്കത്തും എല്‍ഡിഎഫ് വിജയിച്ചു. മുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിടുകയും 2018ല്‍ തിരിച്ചെത്തുകയും ചെയ്തു. മണ്ഡലത്തിന് കീഴിലുള്ള 60 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 42ലും എല്‍ഡിഎഫിലും 18ഇടത്തും ഭരിക്കുന്നു.

ആകെ വോട്ടര്‍മാര്‍ 14,92,711
പുരുഷന്‍മാര്‍ 7,32,435
സ്ത്രീകള്‍ 7,60,269
ട്രാന്‍സ്‌ജെന്‍ഡര്‍ 7

 
വോട്ടുനില 2014
ജോസ് കെ മാണി (യുഡിഎഫ്) 4,24,194
മാത്യു ടി തോമസ് (എല്‍ഡിഎഫ്) 3,03,595
നോബിള്‍ മാത്യു (എന്‍ഡിഎ) 44,357

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com