വയനാട്ടില്‍ വി വി പ്രകാശ് , വടകരയില്‍ പ്രവീണ്‍കുമാറോ ബിന്ദുകൃഷ്ണയോ ? ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നാല് സീറ്റുകളിലെ അനിശ്ചിതത്വം തുടരുന്നു
വയനാട്ടില്‍ വി വി പ്രകാശ് , വടകരയില്‍ പ്രവീണ്‍കുമാറോ ബിന്ദുകൃഷ്ണയോ ? ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു


ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നാല് സീറ്റുകളിലെ അനിശ്ചിതത്വം തുടരുന്നു. വയനാട്ടില്‍ ടി സിദ്ദിഖിനായി എ ഗ്രൂപ്പ് പിടിവാശി തുടരുകയാണ്. ഷാനിമോള്‍ ഉസ്മാന്‍, കെ പി അബ്ദുള്‍ മജീദ് എന്നിവരെയാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത്. സമവായ സ്ഥാനാര്‍ത്ഥിയായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. 

ഇതിനിടെ വിവി പ്രകാശ് ഡല്‍ഹിയിലെത്തി. അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ വയനാട്ടില്‍ ശക്തമായി പരിഗണിക്കപ്പെടുന്ന വനിതാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലെ വീട്ടിലേക്ക് തിരിച്ചു. 

ഇന്ന് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നേതൃത്വം ശ്രമം തുടരുന്നത്. വിഷയത്തില്‍ പരിഹാരം കാണാന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ദേശീയ നേത്യത്വം ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. വയനാട് സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മറ്റ് സീറ്റുകളെയും അനിശ്ചിതത്വത്തിലാക്കുന്നത്. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിച്ചിരുന്ന വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. അദ്ദേഹത്തിന്റെ പേരിനാണ് സാധ്യത. സജീവ് മാറോളി, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. നേരത്തെ പരിഗണിച്ചിരുന്ന വിദ്യ ബാലകൃഷ്ണന്റെ പേര് സജീവമല്ലെന്നാണ് റിപ്പോര്‍ട്ട്. 

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ ശക്തനായ എതിരാളി വേണമെന്ന ആവശ്യമാണ് മറ്റ് പേരുകളിലേക്ക് കൂടി ചര്‍ച്ച തിരിയാന്‍ കാരണം. ജയരാജനെതിരെ ബിന്ദു കൃഷ്ണയെ മല്‍സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അവര്‍ വഴങ്ങിയിട്ടില്ല. പരിചയമില്ലാത്ത സ്ഥലത്ത് മല്‍സരിക്കാന്‍ ഇല്ലെന്നാണ് ബിന്ദു കൃഷ്ണ പറയുന്നത്. യുഡിഎഫിന് ആര്‍എംപി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയില്‍ മല്‍സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേലും സമ്മര്‍ദ്ദമുണ്ട്. 

അതേസമയം ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും സ്ഥാനാര്‍ത്ഥിയായേക്കും. വയനാട് ഷാനിമോളിന് നല്‍കി ആലപ്പുഴയില്‍ സിദ്ദിഖിനെ മല്‍സരിപ്പിക്കുക എന്ന ഫോര്‍മുലയും ചര്‍ച്ചയിലുണ്ട്. വയനാട്, വടകര സീറ്റുകളിൽ രാഹുൽ​ഗാന്ധിയാകും അന്തിമ തീരുമാനം എടുക്കുക എന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com