'ആശയങ്ങള്‍ ഹൃദയപൂര്‍വം പങ്കുവയ്ക്കുകയും സ്വയം നവീകരിക്കുകയും ചെയ്യുന്ന രാജാജിമാര്‍ നമുക്ക് ഏറെയില്ല'

തൃശൂരില്‍ നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനെപ്പറ്റി മലയാളം കംപ്യൂട്ടര്‍ അധിഷ്ടിത ലിപി വ്യവസ്ഥയുടെ ആവിഷ്‌കര്‍ത്താവായ ഹുസൈന്‍ കെ എച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്
'ആശയങ്ങള്‍ ഹൃദയപൂര്‍വം പങ്കുവയ്ക്കുകയും സ്വയം നവീകരിക്കുകയും ചെയ്യുന്ന രാജാജിമാര്‍ നമുക്ക് ഏറെയില്ല'

തൃശൂരില്‍ നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനെപ്പറ്റി മലയാളം കംപ്യൂട്ടര്‍ അധിഷ്ടിത ലിപി വ്യവസ്ഥയുടെ ആവിഷ്‌കര്‍ത്താവായ ഹുസൈന്‍ കെ എച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്.
 


രാജാജി  അപൂര്‍വ്വതകളുടെ രാഷ്ട്രീയം

രചന അക്ഷരവേദിയുടെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായ കാലത്താണ് രാജാജി മാത്യുവിനെ പരിചയപ്പെടുന്നത്. യൂത്ത് മൂവ്‌മെന്റിന്റെ ഭാഗമായി ലോകം ചുറ്റിക്കറങ്ങിയതിന്റെ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ നിഴലിച്ചു. റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള കണ്ടുമുട്ടല്‍ അദ്ദേഹം അനുസ്മരിച്ചു. കേരളത്തില്‍ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഗ്രാമം സൃഷ്ടിക്കുന്നതിനെകുറിച്ച് അദ്ദേഹവുമായി സ്വപ്നങ്ങള്‍ പങ്കിട്ടത് രാജാജി ഓര്‍ത്തെടുത്തു.

ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.

പീച്ചി കേരള വനഗവേഷണസ്ഥാപനത്തിന്റെ അതിരില്‍ കണ്ണാറയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. നടക്കാനിറങ്ങുമ്പോള്‍ ഇടയ്ക്കിടെ അദ്ദേഹത്തെ കണ്ടുമുട്ടി. സൗഹൃദഭാഷണങ്ങളില്‍ മലയാളഭാഷയും അക്ഷരങ്ങളും 'രചന'യുമൊക്കെ വിഷയങ്ങളായി. യൗവ്വനത്തില്‍ ഏറെക്കാലം കേരളം വിട്ടുനിന്നതിന്റെ അകല്‍ച്ച ഭാഷയോടും അയല്‍ക്കാരോടും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

2006ല്‍ നിയമസഭാസാമാജികനായി തിരുവനന്തപുരത്തായപ്പോഴും നാട്ടിലെത്തുമ്പോള്‍ കെ.എഫ്,ആര്‍.ഐ.യുമായുള്ള ബന്ധം അദ്ദേഹം വിലമതിച്ചു. പരിസ്ഥിതി നിയമസഭാ കമ്മിറ്റിയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച നാളുകളില്‍ അദ്ദേഹത്തിന്റെ പഠനങ്ങളില്‍ അതേറെ സ്വാധീനം ചെലുത്തി. ശാസ്താംകോട്ട കായലിന്റെ പാരിസ്ഥിതിക വിനാശത്തെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ കെ.എഫ്,ആര്‍.ഐ.യിലെത്തി നടത്തിയ പ്രഭാഷണത്തില്‍ ജലവിഭവസ്രോതസ്സുകളെക്കുറിച്ച് എത്ര ആഴത്തില്‍ അദ്ദേഹം ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നത് വ്യക്തമായിരുന്നു. കമ്മിറ്റിയുടെ ചര്‍ച്ചകളിലും റിപ്പോര്‍ട്ടുകളിലും മാത്രം വിഷയം ഒതുക്കിനിര്‍ത്താതെ ആനുകാലികങ്ങളിലെഴുതി അത് ജനങ്ങളിലേക്കെത്തിക്കേണ്ടതിന്റെ ആവശ്യം ഉന്നയിച്ചപ്പോള്‍ ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു, 'ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രസംഗങ്ങളേ വിധിച്ചിട്ടുള്ളു!'

പീച്ചിയിലെ ദീര്‍ഘകാലത്തെ ഔദ്യോഗികജീവിതം അവസാനിപ്പിച്ച് കൊടുങ്ങല്ലൂരേക്ക് പോന്നതിനുശേഷം അദ്ദേഹത്തെ കണ്ടുമുട്ടുന്നത് അപൂര്‍വ്വമായി. മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് നക്‌സലൈറ്റ് മുഹമ്മദലിയുടെ ചരമവാര്‍ഷികത്തിനായി സുഹൃത്തുക്കളൊത്തുകൂടിയപ്പോള്‍ അനുസ്മരണപ്രഭാഷണത്തിനായി അദ്ദേഹമെത്തി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാലമായിരുന്നു. പതിവു സാമ്രാജ്യത്വവിരുദ്ധതയിലേക്ക് അദ്ദേഹത്തിന്റെ പ്രഭാഷണം വഴുതിപ്പോയില്ല. അദ്ദേഹം സംസാരിച്ചത് അമേരിക്കകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകടമായ ചില വ്യതിയാനങ്ങളെ കുറിച്ചായിരുന്നു. എഡ്വേഡ് സെയ്ദും നോംചോംസ്‌കിയും നടത്തുന്ന ആശയസമരങ്ങള്‍ പൊതുരാഷ്ടീയധാരകളിലേക്കെത്തുന്നതിന്റെ കാഴ്ചകളിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. മാമൂല്‍ ഇടതുപക്ഷചിന്തകര്‍ക്ക് അപരിചിതമായ ഒരു നിലപാടാണ് അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിച്ചത്. ബേണി സാന്റേഴ്‌സ് ഡെമോക്രാറ്റിക്ള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യത കുറവാണെങ്കിലും അദ്ദേഹത്തിന്റെ 'ഡെമോക്രാറ്റിക്ള്‍ സോഷ്യലിസ'വും പൊളിറ്റിക്കല്‍ ആക്ടിവിസവും അമേരിക്കയെ നവീകരിക്കുന്നതില്‍ വഹിക്കാന്‍ പോകുന്ന പങ്കിനെകുറിച്ച് അദ്ദേഹം വാചാലനായി. സ്വാതന്ത്ര്യത്തിന്റേയും മാനവികതയുടേയും മറ്റൊരു ലോകത്തെ അവതരിപ്പിച്ചാണ് അദ്ദേഹം അന്ന് തുരുത്തിപ്പുറത്തുനിന്ന് മടങ്ങിയത്.

പിന്നീടദ്ദേഹത്തെ രണ്ടുവര്‍ഷത്തോളം കാണാനിടയായില്ല. അഞ്ചാറു മാസങ്ങള്‍ക്കുമുമ്പ് യാദൃശ്ചികമായി അദ്ദേഹം എന്നെ വിളിച്ചു. ജനയുഗം പത്രത്തിന്റെ എഡിറ്റര്‍ എന്ന നിലയിലാണ് സംസാരിച്ചത്. മലയാളത്തിന്റെ തനതു അക്ഷരങ്ങള്‍ ജനയുഗത്തിനു വേണം എന്നതായിരുന്നു ആവശ്യം.

പഴയതുപോലെ സംഭാഷണം സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കും രചനയുടെ അക്ഷരപുനര്‍നിര്‍മ്മിതിയിലേക്കും ഫോണ്ട് രൂപകല്പനയിലേക്കും നീണ്ടുപോയി. ഇത്തരം വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ തിരക്കേറിയ ഒരു രാഷ്ട്രീയക്കാരന്റെ അഭിരുചികളില്‍ പച്ചപ്പോടെ നിലനില്ക്കുന്നുവെന്നത് എന്നെ ആഹ്ലാദപ്പെടുത്തി. മൈക്രോസോഫ്റ്റും അഡോബും പോലെയുള്ള കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍നിന്നും എങ്ങനെ മലയാളപ്രസാധനത്തെ രക്ഷിച്ചെടുക്കാമെന്ന ചിന്തകള്‍ അദ്ദേഹവുമായി പങ്കിട്ടു. അഡോബ് ഇന്‍ഡിസൈന്റെ മലയാളത്തിലെ എക്‌സ്‌പെര്‍ട്ടായ അശോക്ള്‍കുമാറും ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. ബദലന്വേഷണങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരായ 'ആല്‍ഫാ ഫോര്‍ക്കി'ലെ രഞ്ജിത്തും മുജീബും കണ്ണനും അമ്പാടിയും കൂട്ടുകാരായെത്തി. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ സാരഥി അനിവര്‍ അരവിന്ദും സ്വതന്ത്ര ടൈപ്പ്‌സെറ്റിംഗിന്റെ അന്വേഷണങ്ങളില്‍ വ്യപൃതനാണ് . 'സായാഹ്ന'യുടെയും 'മലയാളം ടെക്കി'ന്റേയും പ്രയോക്താവ് സി.വി. രാധാകൃഷ്ണന്‍ എന്നത്തേയുംപോലെ ഒപ്പമുണ്ട്.

ഡിറ്റിപി രംഗത്ത് 'സ്‌ക്രൈബസ്‌'എന്ന സ്വതന്ത്ര പാക്കേജിന്റെ വളര്‍ച്ച ചര്‍ച്ചചെയ്യുമ്പോള്‍ വൈകാരികമായിത്തന്നെ രാജാജി അതിനെ ഉല്‍ക്കൊണ്ടു. ജനയുഗത്തിനൊരു പുത്തന്‍സാങ്കേതികത എന്നതിലുപരി മലയാളത്തിനും ഭാഷാസമൂഹത്തിനും വേറിട്ടൊരു വഴി എന്നതായിരുന്നു അദ്ദേഹത്തെ ഹരംപിടിപ്പിച്ചത്. ജനയുഗത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ അത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം അതിയായി സന്തോഷിച്ചു. മലയാളത്തിന്റെ അക്ഷരസൗന്ദര്യത്തിനായി ഇനിയും കൂടുതല്‍ തനതു ഫോണ്ടുകള്‍ വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. പദ്ധതിനിര്‍വ്വഹണത്തിനായി മാനേജ്‌മെന്റിനെ സമര്‍ത്ഥമായി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി.

ജനയുഗത്തെ പുതുക്കിപ്പണിയുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടുപോകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പെത്തിയത്. അദ്ദേഹം തൃശൂരില്‍ സ്ഥാനാര്‍ത്ഥിയുമായി. സ്‌െ്രെകബസിന്റെ പരിശീലനപരിപാടികള്‍ തല്ക്കാലം നിറുത്തിവച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ നമ്മുടെ പദ്ധതികളുമായി മുന്നോട്ടു പോകണമെന്ന് അദ്ദേഹം ഞങ്ങളെ ഓര്‍മ്മപ്പെടുത്തി.

ദൈനംദിന കക്ഷിരാഷ്ട്രീയത്തിന്റെ കുരുക്കുകളില്‍പ്പെട്ടുഴലുന്ന ഒരാള്‍ ഭാഷയേയും അക്ഷരങ്ങളേയും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തേയും നീര്‍ത്തടങ്ങളേയും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നത് ഒരപൂര്‍വ്വതയാണ്. അനേകായിരം പരിചയക്കാരുടെയിടയില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഇതൊക്കപ്പറഞ്ഞുനടക്കുന്നവരെ ഓര്‍ക്കുകയും ആശയങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കുവെക്കുകയും സ്വയം നവീകരിക്കുകയും ചെയ്യുന്ന രാജാജിമാര്‍ നമുക്കേറെയില്ല. മനുഷ്യന്റേയും അറിവിന്റേയും സ്വാതന്ത്ര്യത്തിനും വൈവിദ്ധ്യങ്ങള്‍ക്കുമായി നിലകൊള്ളുന്നവര്‍ കേരളത്തിനും മലയാളത്തിനുമപ്പുറം ദേശീയരാഷ്ട്രീയത്തിലെത്തിച്ചേരേണ്ടതിന്റെ പ്രാധാന്യം എന്നത്തേക്കാളുമേറെ ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com