വമ്പന്‍മാര്‍ നേര്‍ക്കുനേര്‍, തീപ്പൊരി ചിതറി വടകര; കടുത്ത രാഷ്ട്രീയപ്പോരാട്ടം

ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പടര്‍ന്നുകിടക്കുന്ന വടകര 
വമ്പന്‍മാര്‍ നേര്‍ക്കുനേര്‍, തീപ്പൊരി ചിതറി വടകര; കടുത്ത രാഷ്ട്രീയപ്പോരാട്ടം


ത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പടര്‍ന്നുകിടക്കുന്ന വടകര. സിപിഎമ്മിന്റെ വടക്കന്‍ കേരളത്തിലെ അതിശക്തനായ നേതാവ് എന്ന് വിശേഷിക്കപ്പെടുന്ന പി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ച് മത്സര രംഗത്തിറങ്ങിയത് മുതല്‍ മണ്ഡലം ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ജയരാജനെ ആര് നേരിടും എന്ന ചോദ്യം യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പലകുറി മാറ്റങ്ങള്‍ക്ക് കാരണമായി. സിറ്റിങ് എംപിയായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് തറപ്പിച്ച് പറഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് വിദ്യാ ബാലകൃഷ്ണന് ആദ്യ ഞറുക്ക്. 

വിദ്യ പ്രചാരണം ആരംഭിച്ചതിന് തൊട്ട് പിന്നാലെ ശക്തമായ മത്സരം നടക്കണം എന്നാവശ്യപ്പെട്ട് പുതിയ സ്ഥാനാര്‍ത്ഥിക്കായി മുറവിളി. ടി സിദ്ദിഖ്, ബിന്ദു കൃഷ്ണ, പ്രവീണ്‍ കുമാര്‍ തുടങ്ങി നിരവിധി പേരുകളിലൂടെ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നത് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരനെ. കൊലപാതക രാഷ്ട്രീയവും വികസനവും വര്‍ഗീയതയും ഒരുപോലെ പ്രചാരണായുധമാകുന്ന ഈ തെരഞ്ഞെടുപ്പില്‍ വടകര എങ്ങനെ വിധിയെഴുതും എന്നത് ആകാംക്ഷയുളവാക്കുന്ന ചോദ്യം. 

ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം 1957ല്‍ ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സഖ്യത്തിന്റെ ബലത്തില്‍ പിഎസ്പിയുടെ കെബി മേനോന്‍ വിജയിച്ചു. പിന്നീട് 1971വകരെ കമ്മ്യൂണിസ്റ്റ് പിന്തുണയോടെ സോഷ്യലിസ്റ്റുകള്‍ വടകര അടക്കിവാണു. 1971ല്‍ ഇന്ദിരാഗാന്ധിയുടെ പ്രത്യേക താത്പര്യത്തോടെ എത്തിയ കെപി ഉണ്ണികൃഷ്ണനിലൂടെ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ ആദ്യ വിജയം. 1977ലും കോണ്‍ഗ്രസുകാരനായി മത്സരിച്ച് ജയിച്ച ഉണ്ണികൃഷ്ണന്‍ പിന്നീട് ജയിച്ചത് കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയോടെ. 

1996ല്‍ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ തെരഞ്ഞെടുപ്പില്‍ ആദ്യമായി സിപിഎം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. 79,945വോട്ടിന് ഉണ്ണികൃഷ്ണനെ തോല്‍പ്പിച്ച് ഒ ഭരതന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം കൊടി പാറിച്ചു. പിന്നീട് 2009വരെ മണ്ഡലം സിപിഎമ്മിന്റെ പക്ഷത്ത്. 

2009ലെ തെരഞ്ഞെടുപ്പിന് ഏറെ സവിശേഷതകളുണ്ടായിരുന്നു. സിപിഎം വിട്ട് ടിപി ചന്ദ്രശേഖരന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) രൂപീകരിച്ചു. കോഴിക്കോട് സീറ്റിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജനതാദള്‍ സോഷ്യലിസ്റ്റ് ഇടത് മുന്നണിവിട്ടു. പി സതീദേവിയെ പരാജയപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ ജന്‍മനാട്ടില്‍ വിജയക്കൊടി പാറിച്ചു. 2004ല്‍ 1,30,589 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച പി സതീദേവി, 2009ല്‍ മുല്ലപ്പള്ളിയോട് തോറ്റത് 56,186വോട്ടിന്. ആര്‍എംപി സ്ഥാനാര്‍ത്ഥിയായ ടിപി ചന്ദ്രശേഖരന്‍ പിടിച്ച 21,833വോട്ടുകള്‍ സിപിഎമ്മിന്റെ പതനത്തില്‍ നിര്‍ണ്ണായകമായി. അതേവര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്തും ആര്‍എംപി പിടിച്ചെടുത്തു. നിലവില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നതും ആര്‍എംപിയാണ്. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

2012ല്‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷം 3306വോട്ടായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ 416,479വോട്ട് നേടിയപ്പോള്‍ സിപിഎമ്മിന്റെ എഎന്‍ ഷംസീര്‍ 413,173 വോട്ട് നേടി. ആര്‍എംപി സ്ഥാനാര്‍ത്ഥി പി കുമാരന്‍കുട്ടി നേടിയത് 17,229 വോട്ട്. 

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നുകിടക്കുന്ന മണ്ഡലത്തിന് കീഴില്‍ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിവയാണ് നയമസഭ മണ്ഡലങ്ങള്‍. ഇതില്‍ തലശ്ശേരിയിലും കൂത്തുപറമ്പയിലും മാത്രമാണ് ഷംസീറിന് മുന്നിലെത്താന്‍ സാധിച്ചത്. ബാക്കി നാലിലും മുല്ലപ്പള്ളി മുന്നിലെത്തി. 

2016 നിയമസഭ തെരഞ്ഞെടുപ്പ് 

ഇടത് തരംഗം ആഞ്ഞടിച്ച നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആറിടത്തും ഇടത് മുന്നണി വിജയിച്ചു. കുറ്റിയാടിയില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. വടകരയില്‍ സ്ഥാനാര്‍ത്ഥിയായ ടിപിയുടെ ഭാര്യ കെകെ രമ 2054 വോട്ട് പിടിച്ചു. രമയ്ക്ക് എതിരെ രണ്ട് അപര സ്ഥാനാര്‍ത്ഥികളും മത്സരിച്ചിരുന്നു. ജെഡിഎസിന്റെ സികെ നാണുവാണ് ജയിച്ചത്. 

രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ തോല്‍വിക്ക് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് ആര്‍എംപി. ഇത്തവണ ജയരാജന് എതിരെ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കെകെ രമ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കൂത്തുപറമ്പ്, വടകര മണ്ഡലങ്ങളില്‍ സ്വാധീനമുള്ള എംപി വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയായ ലോക്താന്ത്രിക് ജനതാദളുമായി ഇത്തവണ ഇടത് ചേരിയിലാണ്. 

ആകെ വോട്ടര്‍മാര്‍: 12,28,969
പുരുഷന്‍മാര്‍: 5,83,950
സ്ത്രീകള്‍: 6,45,019
ട്രാന്‍സ്‌ജെന്‍ഡറുകള്‍: 7

വോട്ടുനില (2014)
മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ്): 4,16,479
എഎന്‍ ഷംസീര്‍ (സിപിഎം): 4,13,173
വികെ സജീവന്‍(ബിജെപി): 76,313

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com