ഡിസിസി പ്രസിഡന്റുമായി ഭിന്നത ; ഉണ്ണിത്താന്‍ പ്രചാരണം റദ്ദാക്കി, ശൈലി മാറ്റിയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് മുന്നറിയിപ്പ്

ഡിസിസി പ്രസിഡന്റിന്‍രെ പ്രവര്‍ത്തനശൈലിയില്‍ ഉണ്ണിത്താന്‍ അതൃപ്തി അറിയിച്ചു
ഡിസിസി പ്രസിഡന്റുമായി ഭിന്നത ; ഉണ്ണിത്താന്‍ പ്രചാരണം റദ്ദാക്കി, ശൈലി മാറ്റിയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് മുന്നറിയിപ്പ്

കാസര്‍കോട് : കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേല്‍ പ്രവര്‍ത്തനശൈലി മാറ്റണമെന്ന് കാസര്‍കോട് ലോക്‌സഭ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റിന്‍രെ പ്രവര്‍ത്തനശൈലിയില്‍ ഉണ്ണിത്താന്‍ അതൃപ്തി അറിയിച്ചു. 

ഡിസിസി പ്രസിഡന്റ് പ്രവര്‍ത്തനശൈലി മാറ്റിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചതായാണ് സൂചന. തുടര്‍ന്ന് ഇന്നത്തെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി. ഉച്ചയ്ക്ക് ശേഷം യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ അടിയന്തരയോഗം കെപിസിസി വിളിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റിനെ കെപിസിസി നേതൃത്വം ശാസിച്ചതായാണ് സൂചന. 

ഇന്നലെ കാസര്‍കോടെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന് ആവേശകരമായ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. പ്രവര്‍ത്തകരുടെ ആവേശത്തില്‍ ഷര്‍ട്ട് അടക്കം കീറിയിരുന്നു. എന്നാല്‍ വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ, കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്, ബദിയടുക്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിശ്രമമില്ലാതെ പര്യടനം നടത്തി. വൈകീട്ട് അഞ്ചു മണിയോടെയാണ് ഭക്ഷണം കഴിച്ചതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 

എന്നാല്‍ കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറിയുണ്ടെന്ന വാര്‍ത്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിഷേധിച്ചു. ഹക്കിം കുന്നേലുമായി യാതൊരു ഭിന്നതയുമില്ല. എന്നാല്‍ പ്രചാരണ പരിപാടികള്‍ യുഡിഎഫ് യോഗം ചേര്‍ന്ന് പട്ടികയുണ്ടാക്കി അതിന് അനുസരിച്ച് വേണം. അല്ലാതെ ഏതെങ്കിലും വ്യക്തി തീരുമാനിക്കുന്ന ഇടങ്ങളിലേക്ക് സ്ഥാനാര്‍ത്ഥിയെ കൊണ്ടുപോകുന്ന ഏര്‍പ്പാട് പറ്റില്ലെന്ന് അറിയിച്ചതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com