പെണ്‍കുട്ടികള്‍ക്ക് തുല്യ അവകാശം, സദാചാരം അടിച്ചേല്‍പ്പിക്കേണ്ട ; രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമ കാണുന്നതും വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th March 2019 09:12 AM |
Last Updated: 19th March 2019 09:12 AM | A+A A- |

കൊച്ചി: കോളെജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പോലെ തുല്യ അവകാശത്തിന് അര്‍ഹരാണെന്ന് ഹൈക്കോടതി. ഹോസ്റ്റലുകളിലെ പെണ്‍കുട്ടികള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും രാത്രിയില്‍ സിനിമ കാണുന്നത് നിരോധിച്ചുള്ള നടപടികള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി.
തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികളായ അഞ്ജിത കെ ജോസ്, റിന്‍സ തസ്‌നി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ഇല്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്കും പാടില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് അച്ചടക്കെ ബാധിക്കുന്ന വിഷയമോ, മാനേജ്‌മെന്റിന്റെ അധികാര പരിധിയില്‍ വരുന്നതോ അല്ലെന്ന് കോടതി കണ്ടെത്തി. ഇത്തരം നടപടികള്‍ വിദ്യാര്‍ത്ഥിനികളുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍ റദ്ദാക്കുകയാണെന്നും കോടതി വിധിക്കുകയായിരുന്നു.
സിനിമയ്ക്ക് പോകുന്നതിന് വാര്‍ഡന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും സെക്കന്റ് ഷോയ്ക്കും ഫസ്റ്റ് ഷോയ്ക്ക് പോകാന്‍ പാടില്ലെന്നുമുള്ള നിയന്ത്രണങ്ങള്‍ മാനേജ്‌മെന്റിന്റെ സദാചാര ധാരണയാണ്. അത് വിദ്യാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഹോസ്റ്റലില്‍ തിരിച്ചെത്താന്‍ ന്യായമായ സമയം നിശ്ചയിക്കുന്നതില്‍ ഹോസ്റ്റലുകള്‍ക്ക് അധികാരമുണ്ടെന്നും വൈകിയെത്തുന്നത് ഹോസ്റ്റലിലെ അച്ചടക്കത്തെ ബാധിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
കോളെജില്‍ ക്ലാസ് നടക്കുമ്പോള്‍ ഹോസ്റ്റലില്‍ വിശ്രമിക്കുന്നതിന് വാര്‍ഡന്റെ അനുവാദം വേണം എന്ന വ്യവസ്ഥയില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ മാതാപിതാക്കള്‍ സമ്മതിച്ച് ഒപ്പിട്ടതാണെന്ന മാനേജ്‌മെന്റ് വാദം അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥിനികള്‍ പ്രായപൂര്‍ത്തിയായവര്‍ ആണെന്നും മൗലിക അവകാശങ്ങളെ ബാധിക്കുന്ന വ്യവസ്ഥകള്‍ ഹോസ്റ്റലുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്നും കോടതി വിധിച്ചു. കോളെജ് ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കാനുള്ള സമയം 6.30 ല്‍ നിന്ന് മാറ്റണമെന്നുള്ള വാദം ഹര്‍ജിക്കാര്‍ക്ക് പ്രിന്‍സിപ്പലിനോട് ഉന്നയിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.