'ആ കൊച്ച് എത്ര നാളായി കോണ്‍ഗ്രസിന്റെ കുപ്പായമിട്ട് നടക്കുന്നു'; ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് ചതിച്ചു, തുഷാര്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി

തോല്‍ക്കുമെന്ന് ഉറപ്പുള്ള ആലപ്പുഴയില്‍ സീറ്റ് നല്‍കി ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് നേതൃത്വം ചതിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
'ആ കൊച്ച് എത്ര നാളായി കോണ്‍ഗ്രസിന്റെ കുപ്പായമിട്ട് നടക്കുന്നു'; ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് ചതിച്ചു, തുഷാര്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: തോല്‍ക്കുമെന്ന് ഉറപ്പുള്ള ആലപ്പുഴയില്‍ സീറ്റ് നല്‍കി ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് നേതൃത്വം ചതിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാളുകളായി കോണ്‍ഗ്രസ് കുപ്പായമിട്ട് നടക്കുന്ന ഷാനിക്ക് വിജയസാധ്യതയുള്ള വയനാടോ മറ്റോ നല്‍കണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് സന്ദര്‍ശിക്കാനെത്തിയപ്പോളായിരുന്നു മാധ്യമങ്ങളോട് വെള്ളാപ്പള്ളിയുടെ പ്രതികരണം. 

തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി കേഡല്‍ സംവിധാനമുള്ള സംഘടനയാണ്. അതിന്റെ അച്ചടക്കമുള്ള ഒരു സംവിധാനത്തിലെ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. എസ്എന്‍ഡിപി അംഗത്വം രാജിവച്ച് മാത്രമേ മത്സരിക്കാന്‍ പാടുള്ള എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. 

'നല്ലതല്ലേ ആ പെണ്ണ് ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ആ പെണ്ണിന്റെ  മകളെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്.  ഉസ്മാന്റെ കല്യാണം വന്നപ്പോള്‍ എന്റെ കാറിലാണ് പോയത്. ആ കൊച്ചിനെ കൊണ്ടുപോയി തേല്‍ക്കണ സീറ്റിലിട്ടത് ശരിയായില്ല. ആലപ്പുഴയെ സംബന്ധിച്ച് രണ്ട് പുലികളുണ്ട്. ഒരു പുലി അവിടെ കിടപ്പുണ്ട്. മറ്റൊരു പുലിയെ വേണ്ടെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്, അപ്പോള്‍ നമുക്ക് എന്ത് ചെയ്യാം പറ്റും? ആ കൊച്ചിനെ ചതിക്കുകയാണ'്. 

'ആ കൊച്ച് എത്ര നാളായി കോണ്‍ഗ്രസിന്റെ കുപ്പായമിട്ട് നടക്കുന്നു. അതിന് നല്ലൊരു സീറ്റ് കൊടുക്കണ്ടേ. വയനാട് കൊടുക്കാമായിരുന്നു'- വെള്ളാപ്പള്ളി പറഞ്ഞു. ആ ഒരു പുലി മുന്‍ ഡിസിസി പ്രസിഡന്റാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ' ചാനല്‍ ചര്‍ച്ചകളിലൊക്കെ വന്നിരിക്കുന്ന ആളില്ലേ, അയാള്‍ ആ കുട്ടിയെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട്' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഉത്തരം.

എല്‍ഡിഎഫ് ആലപ്പുഴയില്‍ തോറ്റാല്‍ മൊട്ടയടിക്കാം എന്ന് പറഞ്ഞത് തലയില്‍ മൊട്ടയടിക്കാന്‍ മുടിയില്ലാത്തതതുകൊണ്ടാണ്. അത് തെരഞ്ഞെടുപ്പ് സമയത്തെ വാതുവയ്പ്പുകളായി കൂട്ടിയാല്‍ മതി. അതൊരു രസത്തിന് പറഞ്ഞതാണെന്ന് കരുതിയാല്‍ മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com