എന്‍എസ്എസ് ആസ്ഥാനത്ത് പോകില്ല: ഞങ്ങളുടെ ചില പിതാക്കന്‍മാരെ കാണാന്‍ പോകും; വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച് ഇന്നസെന്റ്

തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് എന്‍എസ്എസ് ആസ്ഥാനത്ത് പോകില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്
എന്‍എസ്എസ് ആസ്ഥാനത്ത് പോകില്ല: ഞങ്ങളുടെ ചില പിതാക്കന്‍മാരെ കാണാന്‍ പോകും; വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച് ഇന്നസെന്റ്

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് എന്‍എസ്എസ് ആസ്ഥാനത്ത് പോകില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. പ്രാദേശികമായി പരിചയമുള്ള എന്‍എസ്എസ് ഭാരവാഹികളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ചങ്ങനാശ്ശേരിക്ക് ഇപ്പോള്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ ചില പിതാക്കന്‍മാരെ കാണാന്‍ പോകും ആലഞ്ചേരി പിതാവിനെയും ഞങ്ങളുടെ ബിഷപ്പിനെയും കാണും. കഴിഞ്ഞ വര്‍ഷവും കണ്ടിരുന്നു. അസുഖ ബാധിതനായി കിടന്നപ്പോള്‍, അന്ന് ഞാന്‍ എംപിയല്ല, ആരുമല്ല ആ സമയത്ത് എന്നെ വന്നുകണ്ട ആളാണ് മാര്‍ക്രിസോസ്റ്റം തീരുമേനി. അദ്ദേഹത്തെയും കാണും- അദ്ദേഹം പറഞ്ഞു. 

പണ്ടുകാലത്ത് അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പറയുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് ഭയങ്കര പേടിയുണ്ടായിരുന്നു, അതൊക്കെ പോയി. നമ്മുടെ ആളുകള്‍ക്കും ബുദ്ധിവച്ചു. എന്ത് കൊടുത്താലും അവര്‍ക്കിപ്പോള്‍ അറിയാം,അവിടെയാണ് അവര്‍ നോക്കുക. നല്ല ആവേശമുള്ള ആളുകള്‍ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം കാണുമ്പോള്‍ കുറച്ചുകൂടി ആവേശം വരും- സിപിഎം ചിഹ്നത്തില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സിനിമ നടന്‍ എന്നതിലുപരി ഒന്നും പറയാനില്ലായിരുന്നു, എന്നാല്‍ ഇത്തവണ 1750കോടിയുടെ  വികസന പ്രവര്‍ത്തനങ്ങള്‍ ചാലക്കുടിയില്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ സ്ഥാനാര്‍ത്ഥി വളരെ കരുത്തനായ ആളാണെന്നാണ് പറഞ്ഞത്. പിസി ചാക്കോയെ പരാജയപ്പെടുത്തി എന്ന് ഡല്‍ഹിയില്‍ പറയുമ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കുമായിരുന്നു. ഇപ്പോളത്തെ സ്ഥാനാര്‍ത്ഥിയെ പറ്റി ഒന്നും പറയാനില്ല. വികസന പ്രവര്‍ത്തനങ്ങള്‍ നന്നാണെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ ജയിപ്പിക്കും- അദ്ദേഹം പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com