'പിണറായി വിജയനാണ് ആര്‍എസ്എസ്സിന്റെ പരസ്യ പിന്തുണ സ്വീകരിച്ച് മത്സരിച്ചത്'; കോടിയേരി പറയുന്നത് പച്ചക്കള്ളമെന്ന് മുല്ലപ്പള്ളി

ആര്‍എസ്എസ്സും കോണ്‍ഗ്രസും ഐക്യപ്പെട്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്
'പിണറായി വിജയനാണ് ആര്‍എസ്എസ്സിന്റെ പരസ്യ പിന്തുണ സ്വീകരിച്ച് മത്സരിച്ചത്'; കോടിയേരി പറയുന്നത് പച്ചക്കള്ളമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം; സംസ്ഥാനത്ത് കോണ്‍ഗ്രസ് ബിജെപിയുമായി ധാരണയിലെത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരേ കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ആര്‍എസ്എസ്സും കോണ്‍ഗ്രസും ഐക്യപ്പെട്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്. 

സിപിഎമ്മിനാണ് ആര്‍എസ്എസ്സുമായി ഐക്യപ്പെട്ട ചരിത്രമുള്ളത്. പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കളാണ് ആര്‍എസ്എസ്സിന്റെ പരസ്യ പിന്തുണ സ്വീകരിച്ച് മത്സരിച്ചത്. ഇക്കാര്യത്തില്‍ നേരിട്ടുള്ള സംവാദത്തിന് കോടിയേരിയെ വെല്ലുവിളിക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഗീബല്‍സിയന് മാത്രമേ കൊടിയേരിയെപ്പോലെ നുണ പറയാന്‍ സാധിക്കുകയൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫ് എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കിയിരിക്കുകയാണെന്നാണ് കോടിയേരി ആരോപിച്ചത്. ഇതിനായി മുസ്ലീം ലീഗിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും മുസ്ലീംലീഗും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം പോലെയായെന്നും കോടിയേരി പറഞ്ഞു. എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷവര്‍ഗീയത ആളിക്കത്തിക്കാനാണ് യുഡിഎഫ് ശ്രമമെന്നും കോടിയേരി പറഞ്ഞു.

കേരളത്തിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യുഡിഎഫിനെ സഹായിക്കാനാണ് ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിന്റെ ഭാഗമായി വടകര, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യുഡിഎഫിനെ സഹായിക്കും. ഇതിന് പ്രത്യുപകരമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ കോണ്‍ഗ്രസ് സഹായിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയതെന്നും കോടിയേരി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com