ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല ?; മാറി നില്‍ക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് സാധ്യത

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്
ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല ?; മാറി നില്‍ക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് സാധ്യത

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി പട്ടികയ്ക്ക് അന്തിമരൂപമായതായി സൂചന. പത്തനംതിട്ട മണ്ഡലത്തില്‍ മല്‍സരിക്കാനായി പിടിവാശി തുടര്‍ന്ന സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള മല്‍സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായി സൂചന. ശ്രീധരന്‍പിള്ള മാറിനില്‍ക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെ പത്തനംതിട്ടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥി ആകുമെന്നാണ് സൂചന. 

പത്തനംതിട്ട സീറ്റിനെച്ചൊല്ലിയുള്ള പിടിവലിയാണ് ബിജെപി സീറ്റ് നിര്‍ണയം അനിശ്ചിതത്വത്തിലാക്കിയത്. പി എസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവര്‍ക്ക് പുറമെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി രംഗത്തെത്തി. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമായി. 

ബിജെപി വിജയസാധ്യതയുള്ള സീറ്റുകളായി പരിഗണിക്കുന്ന പത്തനംതിട്ടയോ, തൃശൂരോ നല്‍കിയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്ന് പാർട്ടി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ പട്ടിക ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കൈമാറി. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 

പട്ടികയിലുള്ള ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. പുതിയ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ മൽസര രം​ഗത്തുണ്ടായേക്കും. ആറ്റിങ്ങലിൽ ശോഭ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ പാലക്കാട് സീറ്റ് ലഭിച്ചില്ലെങ്കിൽ മൽസരിക്കാനില്ലെന്ന നിലപാടിലായിരുന്നു ശോഭ സുരേന്ദ്രൻ. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മൽസരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com