ചോരക്കുഞ്ഞ് ഉറുമ്പരിച്ച നിലയില്‍, പൊക്കിള്‍ക്കൊടി വിട്ടിരുന്നില്ല, കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു; ഒടുവില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീഡനപരാതി 

ഹരിപ്രസാദിന്റെ വീടിനോടു ചേര്‍ന്ന സ്ഥലത്ത് ഉറുമ്പരിച്ച നിലയിലായിരുന്നു പെണ്‍കുഞ്ഞ്
ചോരക്കുഞ്ഞ് ഉറുമ്പരിച്ച നിലയില്‍, പൊക്കിള്‍ക്കൊടി വിട്ടിരുന്നില്ല, കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു; ഒടുവില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീഡനപരാതി 

പാലക്കാട്: ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് യുവാവ് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്കും യുവാവിനും പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് സിപിഎം വിശദീകരിക്കുന്നത്. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ തുടര്‍ച്ചയായി നടന്ന അന്വേഷണമാണ് സിപിഎം ഓഫീസിലേക്ക് നീണ്ടത്. ഇതോടെ ചോരക്കുഞ്ഞിനെ എവിടെ നിന്നാണ് കണ്ടെത്തിയത് എന്ന ആകാംക്ഷയും ഉയരുകയാണ്. 

ഈ മാസം 16-ാം തീയതി ഉച്ചയ്ക്കാണ് 24 മണിക്കൂര്‍ പ്രായമുള്ള നവജാതശിശുവിനെ മങ്കര മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്റെ വീടിനു പിന്നില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസെത്തി അന്വേഷണം തുടങ്ങിയതോടെയാണ് കുട്ടിയുടെ അമ്മയായ യുവതിയെ കണ്ടെത്തിയത്. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസ് എന്ന നിലയില്‍നിന്ന് പീഡനക്കേസ് എന്നതിലേക്കു മാറിയത് യുവതിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ്.

ഹരിപ്രസാദിന്റെ വീടിനോടു ചേര്‍ന്ന സ്ഥലത്ത് ഉറുമ്പരിച്ച നിലയിലായിരുന്നു പെണ്‍കുഞ്ഞ്. കരച്ചില്‍ കേട്ടു നോക്കിയപ്പോഴാണു കുഞ്ഞു വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊക്കിള്‍ക്കൊടി വിട്ടിരുന്നില്ല. വീട്ടുകാരും പരിസരവാസികളും ചേര്‍ന്നു കുഞ്ഞിനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മങ്കര പൊലീസില്‍ വിവരമറിയിച്ചു. പ്രാഥമിക ചികിത്സകള്‍ക്കു ശേഷം കുഞ്ഞിനെ മങ്കര പൊലീസിനു കൈമാറി. കുഞ്ഞിനെ ഇവര്‍ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

കുട്ടിയുടെ അമ്മയെക്കുറിച്ചു നടത്തിയ അന്വേഷണം ചെന്നെത്തിയത് ഈ യുവതിയിലായിരുന്നു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും താന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന യുവതിയുടെ മൊഴി കേസിനെ മാറ്റിമറിച്ചു. പാര്‍ട്ടി ഓഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായത് എന്ന യുവതിയുടെ മൊഴിയോടെ സംഭവത്തിനു രാഷ്ട്രീയമാനവും കൈവന്നു.

സ്വാശ്രയ കോളജ് വിദ്യാര്‍ഥികളായിരുന്നു യുവതിയും ആരോപണവിധേയനായ യുവാവും. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഇരുവരും മാഗസിന്‍ തയാറാക്കുന്നതിന്റെ ഭാഗമായി സിപിഎം പാര്‍ട്ടി ഓഫിസില്‍ കഴിഞ്ഞ വര്‍ഷം എത്താറുണ്ടായിരുന്നു. ഈ സമയത്തായിരുന്നു പീഡനം എന്നാണ് യുവതിയുടെ മൊഴി. യുവതിയും അമ്മയും അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു. ഈ വീട്ടില്‍ താന്‍ പോയിരുന്നുവെന്നാണ് യുവാവു മൊഴി നല്‍കിയിരിക്കുന്നത്.

യുവതിയും കുടുംബവും സിപിഎം അനുഭാവികളാണ്. യുവാവ് ഇപ്പോള്‍ പ്രദേശത്ത് കച്ചവടം നടത്തുകയാണ്.യുവാവു വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയിരുന്നുവെന്നാണു സൂചന. എന്നാല്‍ പീഡനം നടന്നെന്ന മൊഴിയെത്തുടര്‍ന്ന് അന്വേഷണം മങ്കര പൊലീസില്‍നിന്നു മാറ്റി ചെര്‍പ്പുളശ്ശേരി പൊലീസിനു കൈമാറി. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com