പതിനെട്ടുകാരി കാമുകനൊപ്പം ഇറങ്ങിപ്പോയി; അന്വേഷിച്ചെത്തിയ പൊലീസിനെ കാമുകനും കൂട്ടുകാരും ആക്രമിച്ചു; അറസ്റ്റ്

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസുകാരെയാണ് കാമുകന്റെ കൂട്ടുകാര്‍ കയ്യേറ്റം ചെയ്തത്
പതിനെട്ടുകാരി കാമുകനൊപ്പം ഇറങ്ങിപ്പോയി; അന്വേഷിച്ചെത്തിയ പൊലീസിനെ കാമുകനും കൂട്ടുകാരും ആക്രമിച്ചു; അറസ്റ്റ്


 
കൊല്ലം; പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം അവസാനിച്ചത് കൈയാങ്കളിയില്‍. കൊല്ലം അഞ്ചാലും മൂടാണ് സംഭവമുണ്ടാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസുകാരെയാണ് കാമുകന്റെ കൂട്ടുകാര്‍ കയ്യേറ്റം ചെയ്തത്. ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. സംഭവത്തില്‍ പനയം സ്വദേശി അജയ് (20), ബിനു (24), കുരീപ്പുഴ സ്വദേശി അരുണ്‍, ആല്‍ബിദാസ് (20), ചന്തു (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് പതിനെട്ടുകാരിയെ കാണാതാവുന്നത്. 20 കാരനായ കാമുകനൊപ്പം കുട്ടി നാടുവിട്ടെന്നാണ് വിലയിരുത്തുന്നനത്. ഈ യുവാവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോഴാണ് അജയുമായി ബന്ധപ്പെട്ടതായി വിവരം ലഭിക്കുന്നത്.  തുടര്‍ന്നു അജയെ പൊലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും എത്തിയില്ല. തുടര്‍ന്ന് പൊലീസ് വീട്ടില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. തുടര്‍ന്നു പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അജയ്,സുഹൃത്ത് ബിനു എന്നിവരെ കസ്റ്റഡിയിലെടുത്തു. 

യുവാവും പെണ്‍കുട്ടിയും അഞ്ചാലുംമൂട് കുപ്പണ ഭാഗത്തുള്ളതായി കണ്ടെത്തി. അന്വേഷിച്ചെത്തിയ പൊലീസിനു നേരെ കാമുകനും കൂട്ടരും അക്രമം അഴിച്ചുവിട്ടു. നിരവധി കേസുകളില്‍ പ്രതികളായ അരുണ്‍, ചന്തു, പെണ്‍കുട്ടിയുടെ സുഹൃത്ത് ആല്‍ബിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തുടര്‍ന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്ത് പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കസ്റ്റഡിയിലുള്ള പ്രതികള്‍ക്കൊപ്പം കണ്ടാലറിയുന്ന മറ്റു പ്രതികള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ അമ്മയ്‌ക്കൊപ്പം വിട്ടയച്ചു.

അതിനിടെ പൊലീസുകാര്‍ മര്‍ദിച്ചു എന്നാരോപിച്ച് അജയുടെ അമ്മ ജില്ല പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പുഷ്പലതയുടെ മകന്‍ അജയ്‌യെ തിരക്കി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തിയതായും ഇവരില്‍ നിന്നും സംരക്ഷണം തേടി പൊലീസിനെ സമീപിച്ചപ്പോഴാണ് പൊലീസിന്റെ ഭാഗത്തു നിന്നും മര്‍ദനമുണ്ടായതെന്നുമാണ് പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com