കേരളത്തെ കാത്തിരിക്കുന്നത് കൊടും ചൂട്; ജലനിരപ്പ് താഴുന്നു; ജൂണിൽ മഴ വൈകിയാൽ സ്ഥിതി രൂക്ഷമാകും

കേരളത്തെ കാത്തിരിക്കുന്നത് കൊടും ചൂട്; ജലനിരപ്പ് താഴുന്നു; ജൂണിൽ മഴ വൈകിയാൽ സ്ഥിതി രൂക്ഷമാകും

ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മഹാപ്രളയത്തിനു ശേഷമുള്ള മഴക്കുറവും കാരണം കേരളം നേരിടാൻ പോകുന്നതു രൂക്ഷമായ വേനലിനെ

പത്തനംതിട്ട: ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മഹാപ്രളയത്തിനു ശേഷമുള്ള മഴക്കുറവും കാരണം കേരളം നേരിടാൻ പോകുന്നതു രൂക്ഷമായ വേനലിനെ. പ്രളയമിറങ്ങിയ ഓഗസ്‌റ്റ് 22നു ശേഷം കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇതിനൊപ്പം ചൂട് കൂടുകയും ചെയ്‌തതോടെ ഭൂഗർഭ ജല വിതാനം താഴുന്നതായാണു സൂചന. ഭാരതപ്പുഴ ഉൾപ്പെടെ ഉത്തര കേരളത്തിലെ മിക്ക നദികളിലും വെള്ളമില്ലാത്ത സ്‌ഥിതിയാണ്. മറ്റു ജില്ലകളിലും ജലനിരപ്പു താഴുകയാണെന്നു സംസ്‌ഥാന ഭൂജല വകുപ്പും പറയുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രമാണു പതിവിലും അധികം മഴ ഈ മാസം ലഭിച്ചത്. 

ഇന്ത്യൻ മൺസൂണിനെ ദോഷകരമായി ബാധിക്കുന്ന എൽ നിനോ പ്രതിഭാസം ശക്‌തമാകാനാണു സാധ്യതയെന്ന് ഓസ്‌ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇതു ചൂടു കൂടാനും കാലവർഷം കുറയാനും കാരണമാകും. എന്നാൽ, ഇക്കാര്യം ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല. 

സംസ്ഥാനത്ത് ജലക്ഷാമം അനുഭവപ്പെടുന്ന 700 സ്ഥലങ്ങളുണ്ടെന്നാണു ജല അതോറിറ്റിയുടെ കണക്ക്. 756 കിണറുകൾ, ജല സംഭരണികൾ ആണ് ഭൂജല വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ജലസേചന വകുപ്പിന്റെ 20 ഡാമുകളിലായി 700 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ട്. അടുത്ത മാസങ്ങളിലേക്ക് ഇതു പര്യാപ്‌തമാണെങ്കിലും ജൂണിൽ മഴ വൈകിയാൽ സ്‌ഥിതി രൂക്ഷമാകും.

ഭൂജലവിതാനത്തിലെ കുറവിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ ബ്ലോക്കിനെ അമിതചൂഷണ മേഖലാ പട്ടികയിൽ ഉൾപ്പെടുത്തി. മലമ്പുഴ, കാസർകോട് ബ്ലോക്കുകളും ഗുരുതരാവസ്ഥയിലുള്ള മേഖലകളിൽ ഉൾപ്പെടുന്നു. 30 ബ്ലോക്കുകൾ ഗുരുതരാവസ്ഥയിലേയ്ക്കു നീങ്ങുന്നുവെന്നും കേന്ദ്ര ഭൂജല വകുപ്പ് വിലയിരുത്തി. കഴിഞ്ഞ വർഷം 20 ബ്ലോക്കുകളാണ് ഈ പട്ടികയിലുണ്ടായിരുന്നത്. ഭൂഗർഭ ജലവിതാനത്തിലെ കുറവ് കാസർകോട്, പാലക്കാട് ജില്ലകളിൽ രണ്ട് മീറ്ററും മലപ്പുറം, കൊല്ലം എന്നിവിടങ്ങളിൽ 1.5 മീറ്ററും തൃശൂരിൽ 1.4 മീറ്ററും കോഴിക്കോട് 1.25 മീറ്ററുമാണ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ഒരു മീറ്ററും മറ്റു ജില്ലകളിൽ ഒരു മീറ്ററിലും താഴെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com