പത്തനംതിട്ടയിലെ സസ്‌പെന്‍സ് അഡ്വാനിക്കു വേണ്ടിയോ? ചര്‍ച്ച സജീവം; മൗനം വെടിയാതെ നേതാക്കള്‍

കേന്ദ്ര നേതൃത്വത്തിലെ ഒരു ഉന്നതന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായി എത്തുമെന്നാണ് പ്രചാരണം
പത്തനംതിട്ടയിലെ സസ്‌പെന്‍സ് അഡ്വാനിക്കു വേണ്ടിയോ? ചര്‍ച്ച സജീവം; മൗനം വെടിയാതെ നേതാക്കള്‍

തിരുവനന്തപുരം: പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കേന്ദ്ര നേതൃത്വം മാറ്റിവച്ചതോടെ ബിജെപി അണികള്‍ക്കിടയില്‍ ഊഹാപോഹങ്ങള്‍ പടരുന്നു. കേന്ദ്ര നേതൃത്വത്തിലെ ഒരു ഉന്നതന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായി എത്തുമെന്നാണ് പ്രചാരണം. ആദ്യ പട്ടികയില്‍ എല്‍കെ അഡ്വാനി ഒഴിവാക്കപ്പെടുക കൂടി ചെയ്തതോടെ അദ്ദേഹം പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാവുമെന്നും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായി. പാര്‍ട്ടി നേതാക്കളാവട്ടെ ഇക്കാര്യത്തില്‍ മൗനം വെടിയാന്‍ തയാറാവുന്നുമില്ല.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനുമാണ് പത്തനംതിട്ട സീറ്റിനായി പരിഗണിക്കപ്പെടുന്ന രണ്ടുപേര്‍. ഇതില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ശ്രീധരന്‍ പിള്ള പിന്‍മാറിയെന്നും സുരേന്ദ്രന്റെ കാര്യത്തില്‍ ധാരണയായെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നിട്ടും പത്തനംതിട്ട സീറ്റു മാത്രം ഒഴിച്ചിട്ടതിലാണ് അണികള്‍ക്ക് അമ്പരപ്പ്. ഈ പശ്ചാത്തലത്തിലാണ്  ഊഹാപോഹങ്ങള്‍ പടരുന്നതും.

ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ബിജെപിയുടെ ഉറച്ച സീറ്റുകളില്‍ ഒന്നാണെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കേന്ദ്ര നേതൃത്വത്തിലെ ഉന്നതനെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അഡ്വാനിയെപ്പോലെ ഔന്നത്യമുള്ള ഒരാള്‍ കേരളത്തില്‍ മത്സരിക്കുന്നതിന്റെ ഗുണം കേരളത്തിലെ മാത്രമല്ല, തെക്കേ ഇന്ത്യയിലെ മറ്റു മണ്ഡലങ്ങളിലും പാര്‍ട്ടിക്കു കിട്ടും. ഉത്തരേന്ത്യയില്‍ കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ ഇക്കുറി കിട്ടില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ തെക്കേ ഇന്ത്യയിലെ ഓരോ സീറ്റും ബിജെപിക്കു നിര്‍ണായകമാണ്. അതുകൊണ്ട് ഇത്തരമൊരു തന്ത്രത്തിന് പാര്‍ട്ടി എന്തുകൊണ്ട് മുതിരില്ല എന്നാണ് 'അഡ്വാനി തിയറി'  മുന്നോട്ടുവയ്ക്കുന്നവര്‍ ചോദിക്കുന്നത്. രാമക്ഷേത്ര പ്രക്ഷോഭത്തെ പാര്‍ട്ടിയുടെ വോട്ടാക്കി മാറ്റിയത് അ്ഡ്വാനിയാണെന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പത്തനംതിട്ടയില്‍ അഡ്വാനി സ്ഥാനാര്‍ഥിയാവുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ നേതാക്കള്‍ ഒന്നും പറയുന്നില്ല. അതേസമയം സംസ്ഥാനത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മുതിര്‍ന്ന കേന്ദ്ര നേതാവ് മത്സരിക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ ഉള്ളതാണെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ മത്സരിക്കണമെന്ന നിര്‍ദേശം സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തന്നെ മുന്നോട്ടുവച്ചിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രണ്ടാം മണ്ഡലമായി തിരുവനന്തപുരത്തെയോ കേരളത്തിലെ മറ്റേതെങ്കിലും മണ്ഡലത്തെയോ തിരഞ്ഞെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് പത്തനംതിട്ടയുടെ പശ്ചാത്തലത്തില്‍ ബിജെപി അണികള്‍ക്കിടയില്‍ നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com