മോദി രാജില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണായക പോരാട്ടം; ഫേസ്ബുക്കില്‍ തിരികയെത്തി വിഎസ്

രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകര്‍ക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം
മോദി രാജില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണായക പോരാട്ടം; ഫേസ്ബുക്കില്‍ തിരികയെത്തി വിഎസ്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിര്‍ജ്ജീവമായ ഫേസ്ബുക്ക് പേജ് വീണ്ടും സജീവമാക്കി വി എസ് അച്യുതാനന്ദന്‍. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വീണ്ടും ഫേസ്ബുക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ് സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ്.

എല്‍ഡിഎഫ് വന്‍ വിജയം നേടിയ 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കാലത്ത് വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ പതിയെ പേജ് സജീവമല്ലാതായി. അവസാനമായി 2016 ജൂണ്‍ ഒന്നിനാണ് വിഎസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്.

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും കനത്ത വെല്ലുവിളി നേരിടുമ്പോള്‍ കരുത്ത് ചോരാത്ത പടക്കുതിരയായി വിഎസ് വീണ്ടും ഫേസ്ബുക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് വിഎസ് ആഞ്ഞടിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം


നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാന്‍സ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകള്‍ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.
രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകര്‍ക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com