കോണ്‍ഗ്രസിന്റെ ഓഫര്‍ തള്ളി, പിന്നെയല്ലേ ബിജെപി? സ്ഥാനാര്‍ഥിയാവുമെന്ന പ്രചാരണം നിഷേധിച്ച് പിജെ കുര്യന്‍

താത്പര്യമുണ്ടായിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ താനും ആന്റോ ആന്റണി ഇടുക്കിയിലും മത്സരിക്കുമായിരുന്നു
കോണ്‍ഗ്രസിന്റെ ഓഫര്‍ തള്ളി, പിന്നെയല്ലേ ബിജെപി? സ്ഥാനാര്‍ഥിയാവുമെന്ന പ്രചാരണം നിഷേധിച്ച് പിജെ കുര്യന്‍

തിരുവല്ല: പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് മര്യാദകേടാണെന്ന് കുര്യന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

തനിക്കു താത്പര്യമുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിയാവാന്‍ തന്നെ സമീപിച്ചതാണ്. താത്പര്യമില്ലെന്ന് താന്‍ അറിയിക്കുകയായിരുന്നു. താത്പര്യമുണ്ടായിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ താനും ആന്റോ ആന്റണി ഇടുക്കിയിലും മത്സരിക്കുമായിരുന്നു- കുര്യന്‍ വിശദീകരിച്ചു.

ഒരടിസ്ഥാനവുമില്ലാതെ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. തന്നോടു ഒരു വാക്കു പോലും ചോദിക്കാതെയാണ് തന്നെക്കുറിച്ച് വാര്‍ത്തകള്‍ എഴുതുന്നത്. ഇതിനു പിന്നില്‍ ആരെന്ന് അന്വേഷിക്കണം. കോണ്‍ഗ്രസിലെ ചില സുഹൃത്തുക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. തനിക്കു ബിജെപി നേതാക്കളുമായി സൗഹൃദമുണ്ട്. സിപിഎമ്മുകാരുമായും മറ്റു പാര്‍ട്ടിക്കാരുമായും സൗഹൃദമുണ്ട്. അതിനര്‍ഥം അവരുടെ സ്ഥാനാര്‍ഥിയാവുമെന്നാണോ? ഈ നിമിഷം വരെ ബിജെപിയില്‍നിന്ന് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരാളും ബന്ധപ്പെട്ടിട്ടില്ല- കുര്യന്‍ പറഞ്ഞു.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്ന സമയത്ത് ഇതിനേക്കാള്‍ വലിയ വാഗ്ദാനങ്ങള്‍ തനിക്കു ലഭിച്ചിരുന്നു. സര്‍ക്കാരില്‍നിന്നാണ് ഓഫര്‍ വന്നത്. അതു സ്വീകരിക്കാത്തയാളാണ് താന്‍. താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് പിജെ കുര്യന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com