തലസ്ഥാനത്തെ ആശങ്കയിലാക്കി അര്‍ധരാത്രിയില്‍ ഡ്രോണ്‍ പറന്നു; അന്വേഷണം ആരംഭിച്ചു 

കോവളം ബീച്ച് മുതല്‍ വിഎസ്എസ് സി ഉള്‍പ്പെടുന്ന തുമ്പ വരെയാണ് തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് അര്‍ധരാത്രിയില്‍  ഡ്രോണ്‍ പറന്നത്
തലസ്ഥാനത്തെ ആശങ്കയിലാക്കി അര്‍ധരാത്രിയില്‍ ഡ്രോണ്‍ പറന്നു; അന്വേഷണം ആരംഭിച്ചു 

തിരുവനന്തപുരം; തലസ്ഥാനത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ അര്‍ധരാത്രിയില്‍ അജ്ഞാത ഡ്രോണ്‍ കണ്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. കോവളം ബീച്ച് മുതല്‍ വിഎസ്എസ് സി ഉള്‍പ്പെടുന്ന തുമ്പ വരെയാണ് തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് അര്‍ധരാത്രിയില്‍  ഡ്രോണ്‍ പറന്നത്. കേന്ദ്ര ഏജന്‍സിയും ഇന്റലിജന്‍സുമാണ് അന്വേഷണം തുടങ്ങിയത്. ക്യാമറ പറത്തിയവരെ കണ്ടെത്താന്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ സിറ്റി പൊലീസും രംഗത്തെത്തി.

ഇന്നലെ രാത്രി 12.55നാണ് കോവളം സമുദ്രാ ബീച്ചിന് സമീപമാണ് നൈറ്റ് പട്രോള്‍ പൊലീസ് സംഘം ഡ്രോണ്‍ ക്യാമറ പറക്കുന്നത് കണ്ടത്. രാത്രിയില്‍ സ്‌കൂട്ടറിന്റെ ഇരമ്പല്‍ പോലെയുള്ള ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് ആകാശത്ത് ഡ്രോണ്‍ കാമറ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. 

ബീച്ചില്‍ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് അലര്‍ട്ട് സന്ദേശം നല്‍കി. തുടര്‍ന്ന് രണ്ടുമണിക്കൂറിന്‌ശേഷം പുലര്‍ച്ചെ 2.55 ഓടെ തുമ്പയിലെ വിഎസ്എസ്‌സിയുടെ മെയിന്‍ സ്‌റ്റേഷന് മുകള്‍ ഭാഗത്തായി ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഡ്രോണ്‍ കാമറ വിഎസ്എസ്‌സി പരിസരത്ത് പ്രവേശിച്ചതിന്റെ ദൃശ്യങ്ങള്‍ വിഎസ്എസ്‌സിയുടെ സുരക്ഷാ കാമറകളില്‍ പതിഞ്ഞിട്ടില്ല.വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ അര്‍ധരാത്രി ഡ്രോണ്‍ പ്രവേശിച്ചതോടെയാണ് സംഭവം ദുരൂഹതയ്ക്കിടയാക്കിയത്. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com