ബിജെപിയുടേത് ഘടക കക്ഷികളെ അപമാനിക്കുന്ന രീതി; രാജന്‍ബാബു വീണ്ടും ജെഎസ്എസിലേക്ക്

ജെഎസ്എസ് രാജന്‍ബാബു വിഭാഗം ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസില്‍ ലയിക്കാന്‍ തീരുമാനിച്ചു
ബിജെപിയുടേത് ഘടക കക്ഷികളെ അപമാനിക്കുന്ന രീതി; രാജന്‍ബാബു വീണ്ടും ജെഎസ്എസിലേക്ക്

കൊച്ചി: ജെഎസ്എസ് രാജന്‍ബാബു വിഭാഗം ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസില്‍ ലയിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച ഗൗരിയമ്മയുടെ വസതിയില്‍ ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയിലാണ് തീരുമാനമായത്. ലയനം അംഗീകരിക്കാന്‍ രാജന്‍ബാബു വിഭാഗം ശനിയാഴ്ച എറണാകുളത്ത് യോഗം ചേരും. ഗൗരിയമ്മയുടെ പാര്‍ട്ടിയുടെ യോഗം 30ന് ആലപ്പുഴയിലും ചേരും. ഇതിന് ശേഷമാകും ലയന തീയതി തീരുമാനിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലയന സമ്മേളനം നടത്തും. 

തനിക്ക് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ മറ്റ് സ്ഥാനങ്ങള്‍ ഇരുവിഭാഗങ്ങളും തുല്യമായി പങ്കിട്ടെടുക്കുമെന്നും രാജന്‍ബാബു സമകാലിക മലയാളത്തോട് പറഞ്ഞു. ബിജെപിയുടെ താന്‍പോരിമയില്‍ മനം മടുത്താണ് എന്‍ഡിഎ വിട്ടതെന്നും എല്‍ഡിഎഫിലേക്ക് പോകുന്ന കാര്യം ലയന ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കടുത്ത അവഗണനയാണ് എന്‍ഡിഎയ്ക്കുള്ളില്‍ നേരിട്ടത്. ഘടകക്ഷികളെ അപമാനിക്കുന്ന തരത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. അവിടെ കൂട്ടായ പ്രവര്‍ത്തനമില്ല. രണ്ട് കക്ഷികള്‍ മാത്രമാണ് തീരുമാനമെടുക്കുന്നത്. ആലപ്പുഴ ഞങ്ങള്‍ക്കുണ്ടായിരുന്ന കണ്‍വീനര്‍ സ്ഥാനം ബിജെപി തിരിച്ചെടുത്തു. ഏകപക്ഷീയമായ തീരുമാനമായിരുന്നു. ചെറിയ കക്ഷി കണ്‍വീനറായിരിക്കുമ്പോള്‍ വലിയ പാര്‍ട്ടിയായ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. 

എന്‍ഡിഎ ഇപ്പോഴുണ്ടായ മുന്നണിയാണ്. യുഡിഎഫ് സെക്രട്ടറി സ്ഥാനം കയ്യാളായിരുന്ന കക്ഷിയാണ് ഞങ്ങളുടേത്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. എന്‍ഡിഎ നയങ്ങളോട് തീര്‍ത്തും ഒത്തുപോകാന്‍ സാധിക്കാത്ത അവസ്ഥ വന്നപ്പോള്‍ മുന്നണി വിടാന്‍ തീരുമാനിക്കുകയായിരുന്നു എന്നും രാജന്‍ബാബു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com