സ്ഥാനാര്‍ത്ഥി ആരായാലും തൃശൂര്‍ ബിഡിജെഎസിന് തന്നെ; മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍

തൃശൂരിലെ സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെളളാപ്പളളി
 സ്ഥാനാര്‍ത്ഥി ആരായാലും തൃശൂര്‍ ബിഡിജെഎസിന് തന്നെ; മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍

ന്യൂഡല്‍ഹി: തൃശൂരിലെ സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെളളാപ്പളളി. തൃശൂരില്‍ താന്‍ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കേന്ദ്രകമ്മിറ്റി കൂടി തീരുമാനമെടുക്കുമെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.

തൃശൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെങ്കിലും ബിഡിജെഎസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. എന്‍ഡിഎ സീറ്റുവിഭജന ചര്‍ച്ചയില്‍ തൃശൂര്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകളാണ് ബിഡിജെഎസിന് വിട്ടുനല്‍കിയത്. അതിനാല്‍ തൃശൂരില്‍ ബിഡിജെഎസ് മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായാല്‍ എസ്എന്‍ഡിപിയിലെ സ്ഥാനമാനങ്ങള്‍ ഒഴിയുമോ എന്ന ചോദ്യത്തിന് ഇത് രണ്ടും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ല എന്നും തുഷാര്‍ പറഞ്ഞു. 

അതേസമയം തൃശൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ ആര് സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യമാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ന്യൂഡല്‍ഹിയില്‍ തുടരുന്ന തുഷാര്‍ വെളളാപ്പളളി ചില ഉപാധികള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്‍പാകെ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് ബിജെപി പറഞ്ഞ ഉറപ്പുകള്‍ പാലിച്ചാല്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന നിലപാടാണ് തുഷാര്‍ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തുഷാര്‍ വെളളാപ്പളളി ഇല്ലായെങ്കില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ പത്തനംതിട്ടയില്‍ മറ്റൊരാളെ കൊണ്ടുവരാനാണ് ബിജെപിയുടെ പദ്ധതി.പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ തൃശൂരില്‍ തുഷാര്‍ വെളളാപ്പളളി നിലപാട് വ്യക്തമാക്കാത്തതാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. 

അതേസമയം പത്തനംതിട്ട സീറ്റിനെ ചൊല്ലി യാതൊരു ആശയക്കുഴപ്പവും നിലനില്‍ക്കുന്നില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഘട്ടം ഘട്ടമായാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com