എന്താണ് കോലീബി സഖ്യം; കെജി മാരാരുടെ ജീവചരിത്രത്തിലെ സുപ്രധാന അധ്യായം; 'പാഴായ പരീക്ഷണം'

എന്താണ് കോലീബി സഖ്യം- കെജി മാരാരുടെ ജീവചരിത്രത്തിലെ സുപ്രധാന അധ്യായം- പാഴായ പരീക്ഷണം 
എന്താണ് കോലീബി സഖ്യം; കെജി മാരാരുടെ ജീവചരിത്രത്തിലെ സുപ്രധാന അധ്യായം; 'പാഴായ പരീക്ഷണം'


ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വടകരയില്‍ കെ മുരളീധരനും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ കോലീബി സഖ്യമെന്ന പദപ്രയോഗം വീണ്ടും രാഷ്ട്രീയരംഗങ്ങളില്‍ സജീവചര്‍ച്ചയാണ്. സിപിഎമ്മാണ് തെരഞ്ഞടുപ്പ് പ്രചാരണരംഗത്ത് മേല്‍കൈ നേടാനായി വിഷയം വീണ്ടും ഉന്നയിച്ചത്. 

സംസ്ഥാനത്ത് കോണ്‍ഗ്രസ്-ലീഗ്- ബിജെപി സഖ്യം ആവര്‍ത്തിക്കുമെന്ന് കേരളത്തിലെ അഞ്ച് മണ്ഡലങ്ങളെ സൂചിപ്പിച്ച് കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കോലീബി സഖ്യം പൊടിത്തട്ടിയെടുത്തത്. ഇതേറ്റെടുത്ത് നിരവധി സിപിഎം നേതാക്കള്‍ രംഗത്തെത്തി. അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബലരെ നിര്‍ത്തി യുഡിഎഫിനെ സഹായിക്കാനാണ് ആര്‍എസ്എസ് നിര്‍ദ്ദേശം. വടകര, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളിലാണിത്. 

ഈ മണ്ഡലങ്ങളില്‍ അര്‍എസ്എസ് യുഡിഎഫിനെ സഹായിക്കുമ്പോള്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ യുഡിഎഫ് സഹായിക്കും. ഇതിന്റെ ഇതിന്റെ ഭാഗമായാണ് കെ മുരളീധരനെ വട്ടിയൂര്‍ക്കാവില്‍നിന്ന് മാറ്റി വടകരയിലേക്ക് പറഞ്ഞയച്ചത്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തെ ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറിയും യുവമോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയും പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ബിജെപി സഖ്യം നിലവിലുണ്ടെന്നതിന് ഇതില്‍പ്പരം വേറെ എന്തുതെളിവുവേണമെന്നും കോടിയേരി ചോദിച്ചു. 

 91ലാണ് കേരളത്തില്‍ ആദ്യമായി കോലീബി സഖ്യം രൂപപ്പെട്ടത്. ബിജെപി നേതാവ് കെജി മാരാരിന്റെ ജീവചരിത്രത്തിലുടെയാണ് ഈ സഖ്യത്തിന്റെ പുറംകഥകള്‍ ലോകമറിഞ്ഞത്. തെരഞ്ഞടുപ്പില്‍ പരാജയം മണത്ത യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കി. ബേപ്പൂര്‍ നിയമ സഭ മണ്ഡലത്തിലും വടകര ലോക് സഭ മണ്ഡലത്തിലും പൊതുസ്വതന്ത്രര്‍. കേരളത്തിലാകെ യുഡിഎഫിനെ പിന്തുണക്കുന്നതിനു പ്രതിഫലമായി മഞ്ചേശ്വരം നിയമ സഭമണ്ഡലത്തില്‍ ബിജെപി നേതാവ് കെ ജി മാരാര്‍ക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും വോട്ടു മറിച്ചുനല്‍കി അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യുക. ഇതായിരുന്നു ആ രഹസ്യ ധാരണ. കെജി മാരാരുടെ ജീവ ചരിത്രത്തിലെ പാഴായപരീക്ഷണം എന്ന അധ്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആ അധ്യായം വായിക്കാം.

'മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് പാര്‍ലമെന്ററി വ്യാമോഹം മത്തുപിടിച്ചതിന്റെ പരിണിത ഫലമായിരുന്നു തൊണ്ണൂറ്റി ഒന്നിലെ നിയമസഭാ തിരെഞ്ഞെടുപ്പ്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ ലോക്‌സഭ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താന്‍ സിപിഎം തീരുമാനിച്ചു. നായനാരെ മാറ്റി അച്യുതാനന്ദന് മുഖ്യമന്ത്രിയാകുകയായിരുന്നു ലക്ഷ്യം. സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയത് 1991ലാണ്. ഇത് അനുകൂല സാഹചര്യമായി അവര്‍ കണക്കുകൂട്ടി. കോണ്‍ഗ്രസിലെ അന്തഃഛിദ്രവും മൂര്‍ച്ഛിച്ചതിനാല്‍ വിജയ പ്രതീക്ഷയില്‍ അവര്‍ക്കു ലവലേശം സംശയമുണ്ടായില്ല. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയമായി തോറ്റതും തുടര്‍ന്ന് ലീഗ് മുന്നണി വിട്ടതും ഏറെ അനുകൂല സഹചര്യമെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍ അധികാരത്തിന്റെ അഹന്തയും അക്രമ രാഷ്ട്രീയവും കണ്ടുമടുത്ത കേരളീയര്‍ മാര്‍ക്‌സിസ്റ്റു ഭരണത്തിന് അന്ത്യം കുറയ്ക്കണമെന്ന് ചിന്തിച്ചുറപ്പിച്ചത് അവര്‍ക്കു മനസിലാക്കാനായില്ല. 1991 ഏപ്രില്‍ അഞ്ചിന് നിയമ സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് തയ്യാറായി.

ബിജെപിക്ക് സംഘടനാതലത്തില്‍ പുതിയ സംവിധാനവും പ്രവര്‍ത്തന രീതിയും ആവിഷ്‌കരിച്ച വര്‍ഷമായിരുന്നു ഇത്. പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കനുസരിച്ച് സംഘടനായന്ത്രം കുറ്റമറ്റതാക്കാനുള്ള ആഗ്രഹവും അഭ്യര്‍ത്ഥനയും മാനിച്ച് രാഷ്ട്രീയ സ്വയം സേവക സംഘം മുതിര്‍ന്ന പ്രചാരകനായ പി പി മുകുന്ദനെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചത് 1991ലാണ്. അന്ന് കെ രാമന്‍ പിള്ളയാണ് സംസ്ഥാന പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി കെ ജി മാരാര്‍. ഓ രാജഗോപാല്‍ അഖിലേന്ത്യ അധ്യക്ഷനും. കേരളത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.

നിയമസഭാ ലോകസഭാ തിരെഞ്ഞെടുപ്പ് മത്സരങ്ങളില്‍ മുറതെറ്റാതെ മല്‍സരിക്കുന്ന ബിജെപിയെ ജയം കടാക്ഷിച്ചിട്ടേയില്ല. എങ്കിലും തളര്‍ച്ച തീരെ ബാധിക്കാതെ വളരാന്‍ കഴിയുന്നു എന്നത് അത്ഭുതത്തോടെയാണ് പലരും വീക്ഷിച്ചത്. 1991ലെ തിരെഞ്ഞെടുപ്പില്‍ ജയിച്ചേ തീരു എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായും ചേര്‍ന്ന് ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്‌സിസ്റ്റ് ഹുങ്കിനിരയായി കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലക്ക് ബിജെപി അവരുമായി എടുക്കുന്നതിന് അന്ന് ഒരു സാധ്യതയുമില്ല. പിന്നെയുള്ളത് ഐക്യമുന്നണിയാണ്. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബിജെപിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്നവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന് ബിജെപിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം പോലും ബിജെപിക്ക് വശമുണ്ടായിരുന്നില്ല. 'പൂച്ചക്കാര് മണികെട്ടും' എന്ന ശങ്കക്ക് അന്ത്യം കുറിച്ച് ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തിന് കളമൊരുക്കിയത് രണ്ട് പത്രപ്രവര്‍ത്തകരാണ്.

കോണ്‍ഗ്രസ് മാത്രമല്ല മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും ബിജെപിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗും ബിജെപിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്. എന്നാല്‍ ലീഗ് നേതാക്കളും ബിജെപി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളേക്കാള്‍ സഹകരണ സമീപനം അവരില്‍ നിന്നുണ്ടായി. കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന നിലപാടിലായിരുന്നുവെങ്കില്‍ ബിജെപി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാട്ടി. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക് വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോകസഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാനും തീരുമാനിച്ചു.

ധാരണയിലെ പരസ്യമായ ഈ നിലപാടിന് പുറമെ മഞ്ചേശ്വരത്ത് കെ ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍ പിള്ള, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഓ രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ്സും ലീഗും നല്‍കുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെതന്നെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സും എന്‍എസ്എസ്സും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാമെന്നായിരുന്നു ധാരണ. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര സീറ്റിലാണോ യുഡിഎഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റില്‍ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബിജെപിയും ഉറപ്പുനല്‍കി. അതനുസരിച്ചുള്ള ലിസ്റ്റും കൈമാറി. നേതൃത്വത്തിന്റെ എല്ലാതലത്തിലും ചര്‍ച്ച നടത്തിയെടുത്ത തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ ബിജെപിക്കു കഴിഞ്ഞു.

പരമ്പരാഗത വൈരം പോലും മറന്ന് നിശ്ചിത ലീഗ് – കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കാന്‍ ബിജെപി പ്രവര്‍ത്തിച്ചു. ആ വോട്ട് പാഴാക്കില്ലെന്നും ബിജെപി സ്ഥാനാര്‍ഥികളായ കെ ജി മാരാര്‍, ഓ രാജഗോപാല്‍, കെ രാമന്‍പിള്ള എന്നിവര്‍ക്ക് യുഡിഎഫ് വോട്ട് നല്‍കി ജയിപ്പിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. തിരെഞ്ഞെടുപ്പ് ഫലം പക്ഷേ, മറിച്ചായി. ധാരണയനുസരിച്ചു ബിജെപി പ്രവര്‍ത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യുഡിഎഫ് – പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല. ബിജെപി സ്ഥാനാര്‍ത്ഥികളെ അവസാന നിമിഷം അവര്‍ തന്ത്രപൂര്‍വം തോല്‍പ്പിച്ചു. ധാരണയനുസരിച്ചു വോട്ടുചെയ്യാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്ന് അവസാന നിമിഷംവരെ കോണ്‍ഗ്രസ് ഐ വിഭാഗം വിശ്വസിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com