കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത് വസ്തുതാ വിരുദ്ധം; വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് പിസി ചാക്കോ

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത് ഗ്രൂപ്പ് വീതം വയ്‌പെന്ന് പിസി ചാക്കോ
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത് വസ്തുതാ വിരുദ്ധം; വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് പിസി ചാക്കോ

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ഗാന്ധി പ്രതികരിച്ചതായി തനിക്കറിയില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നോതാവ് പിസി ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും ഡല്‍ഹിയില്‍ പിസി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പക്വമായല്ല നടന്നത്. ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീ്തം വെക്കുകയാണ് ചെയ്തത്. കഴിഞ്ഞ കുറെക്കാലമായി പാര്‍ട്ടി സ്ഥാനങ്ങളായാലും തെരഞ്ഞടപ്പ് സ്ഥാനാര്‍ത്ഥികളായാലും ഇത്തരത്തിലാണ് നടക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും ഗ്രൂപ്പ് സങ്കുചിത്വത്തമാണ്. ഗ്രൂപ്പ് താത്പര്യത്തിനപ്പുറം ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാകാന്‍ വിവിധ സംസ്ഥാനങ്ങള്‍ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിന്റെ ഭാഗമായാണ്. പല സംസ്ഥാനങ്ങളും ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ആദ്യത്തെ ക്ഷണം കര്‍ണാടകത്തില്‍ നിന്നായിരുന്നു. പിന്നീട് തമിഴ് നാട്ടില്‍ നിന്നുണ്ടായി. അതിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുണ്ടായാത്. എവിടെ മത്സരിക്കുമെന്ന് രാഹുലിന്റെ അഭിപ്രായം വരുന്നത് കാത്തിരിക്കാമെന്നും പിസി ചാക്കോ പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടില്‍ സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ തീരുമാനം ഇന്നില്ല. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. വയനാടിന്റെ കാര്യത്തില്‍ നാളെ തീരുമാനം പ്രതീക്ഷിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുല്‍ മല്‍സരിച്ചാല്‍ എല്‍ഡിഎഫ് പിന്മാറുമോയെന്നും ചെന്നിത്തല ചോദിച്ചു. 


വയനാടിന്റെ കാര്യത്തില്‍ തീരുമാനം നീട്ടരുതെന്ന് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല. നാളത്തെ തിരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യം. വയനാട് സീറ്റിൻറെ കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും അന്തിമതീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയെന്നും ഉമ്മന്‍ ചാണ്ടി. 
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ പതിനൊന്നിന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി.

ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രനേതൃത്വം തയാറായിരുന്നില്ല. മല്‍സരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു. അതേസമയം വയനാട്ടില്‍ ഡിസിസി മുന്നൊരുക്കള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ നേതൃയോഗം തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com