കോവളത്ത് പറന്ന് ഡ്രോണ്‍ കണ്ടെത്താനായില്ല; അതീവ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു

ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ച് ഡ്രോണ്‍ കണ്ടെത്തണം എന്ന് ഐഎസ്ആര്‍ഒയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
കോവളത്ത് പറന്ന് ഡ്രോണ്‍ കണ്ടെത്താനായില്ല; അതീവ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു

തിരുവനന്തപുരം: സുരക്ഷാ ആശങ്ക തീര്‍ത്ത തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൂടെ പറന്ന അജ്ഞാത ഡ്രോണ്‍ കണ്ടെത്താനായില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസും സൈനീക വിഭാഗങ്ങളും, വിമാനത്താവള അധികൃതരും പ്രഖ്യാപിച്ചിരുന്ന അതീവ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. അഡിഷണല്‍ ഡിജിപി മനോജ് എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. 

ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ച് ഡ്രോണ്‍ കണ്ടെത്തണം എന്ന് ഐഎസ്ആര്‍ഒയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോവളം ബീച്ച് മുതല്‍ വിഎസ്എസ് സി ഉള്‍പ്പെടുന്ന തുമ്പ വരെയാണ് രണ്ട് മണിക്കൂറിലധികം സമയം ഡ്രോണ്‍ പറന്നത്. വള്ളിക്കടവ് പ്രദേശത്തെ രണ്ട് പ്രവാസികള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുവിമാനം ഗള്‍ഫില്‍ നിന്നും കൊണ്ടുവന്നിരുന്നതായും, കുട്ടികള്‍ ഇത് പറത്തി കളിക്കുന്നത് കണ്ടതായും പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കഴിഞ്ഞ് ഇവര്‍ ഇത് പറത്തുന്നത് കണ്ടിട്ടില്ലെന്നും പറയുന്നു.

ഇത്തരം ചെറു ഡ്രോണുകളില്‍ ക്യാമറ ഉണ്ടാകുവാനുള്ള സാധ്യതയില്ലെന്നും, ബാറ്ററി ചാര്‍ജ് തീര്‍ന്നപ്പോള്‍ തുമ്പ ഭാഗത്ത് നിലംപതിച്ചിട്ടുണ്ടാകാം എന്നും പൊലീസ് വിലയിരുത്തുന്നു. സിനിമാ സംഘം ഉപയോഗിക്കുന്ന ഹെലികാം ആണോ ഇതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. തലസ്ഥാനത്ത് ഡ്രോണ്‍ ഉപയോഗിക്കുന്ന പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാരേയും, സ്റ്റുഡിയോക്കാരേയും പൊലീസ് ശനിയാഴ്ച വിളിപ്പിച്ച് ചോദ്യം ചെയ്തു. 

സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. റിട്ടേണ്‍ ടു ബേസ് എന്ന സവിശേഷതയുള്ള, നിയന്ത്രണം വിട്ട് പറന്നാലും പറന്നുയര്‍ന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തുന്ന ഡ്രോണുകളാണ് സീരിയല്‍ ഷൂട്ടിങ്ങിനും മറ്റും ഉപയോഗിക്കുന്നത്. സൂപ്പര്‍ മൂണും, ദിനരാത്രങ്ങള്‍ ഒരേപോലെ വരുന്ന ഇക്യുൂനോക്‌സും ഒരേ ദിവസം വന്ന രാത്രിയില്‍ കൃത്യമായി സൃഷ്ടിച്ച കഥയാണോ എന്ന സാധ്യതയും പൊലീസ് തള്ളുന്നില്ല. 

വിഎസ്എസ് എസിയുടെ പ്രധാന മേഖലകളിലെല്ലാം മുഴുവന്‍ സമയ ക്യാമറ നിരീക്ഷണത്തിലാണ്. ഈ ക്യാമറകളില്‍ ഡ്രോണ്‍ പതിഞ്ഞിട്ടില്ല എന്നതിനാല്‍ സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് നിഗമനം. വ്യോമ, നാവിക സേനകളുടേയും, വിമാനത്താവളത്തിലേയും റഡാറില്‍ ഡ്രോണിന്റെ വിവരങ്ങള്‍ ഇല്ല. ഐഎസ്ആര്‍ഒയുടെ റഡാറിലും ഈ ഡ്രോണിന്റെ വിവരങ്ങള്‍ പതിഞ്ഞിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com