രാഹുലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം; മുല്ലപ്പള്ളി വാര്‍ത്താസമ്മേളനം മാറ്റി; പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

രാഹുലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം -  മുല്ലപ്പള്ളി വാര്‍ത്താസമ്മേളനം മാറ്റി - പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം
രാഹുലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം; മുല്ലപ്പള്ളി വാര്‍ത്താസമ്മേളനം മാറ്റി; പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം


കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുന്നു. രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ തീരുമാനം വരുന്നതിന് മുന്‍പെ പ്രഖ്യാപനം നടത്തിയ കേരളഘടകത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങി.അതിനിടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഒഴിവാക്കി. 

വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് പിസി ചാക്കോ പറഞ്ഞു. കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റുസംസ്ഥാനങ്ങൡ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുലിന് ക്ഷണമുണ്ട്. കര്‍ണാടകയും തമിഴ്‌നാടും രാഹുലിനായി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നും പിസി ചാക്കോ പറഞ്ഞു. രാഹുല്‍ഗാന്ധി പ്രതികരിച്ചു എന്ന രീതിയില്‍ നേതാക്കള്‍ നടത്തിയ പ്രതികരണം ശരിയല്ലെന്നും പിസി ചാക്കോ പറഞ്ഞു

ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രനേതൃത്വം തയാറായിരുന്നില്ല. മല്‍സരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു. അതേസമയം വയനാട്ടില്‍ ഡിസിസി മുന്നൊരുക്കള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ നേതൃയോഗം തുടങ്ങി.

 
വയനാട് സീറ്റ് സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്തിമതീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. കെപിസിസിയുടെ ആവശ്യം നേതൃത്വം അംഗീകരിച്ചിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഇന്നലെ 38 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടെങ്കിലും വയനാടും വടകരയും ഉള്‍പ്പെട്ടില്ല.  വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാഹുലിന് മല്‍സരിക്കാന്‍ ക്ഷണമുണ്ടെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. അമേഠിയില്‍ പരാജയം മണത്ത രാഹുല്‍ മണ്ഡലങ്ങള്‍ അന്വേഷിച്ച് അലയുകയാണെന്ന് അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പരിഹസിച്ചു. അതേസമയം രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയില്‍ വയനാട് മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ചുവരെഴുത്തുകള്‍ ആരംഭിച്ചുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com