അങ്കത്തിനായി രാഹുൽ വയനാടൻ ചുരം കയറുമോ?; തീരുമാനം ഇന്നുണ്ടായേക്കും

തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയ്ക്ക് അംഗീകാരം നൽകുന്നതിന് ഇന്ന് രാവിലെ 11-ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേരും
അങ്കത്തിനായി രാഹുൽ വയനാടൻ ചുരം കയറുമോ?; തീരുമാനം ഇന്നുണ്ടായേക്കും

ന്യൂഡൽഹി: രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.  ഇക്കാര്യം സോണിയാ ഗാന്ധിയുമായും മുതിർന്ന കേന്ദ്രനേതാക്കളുമായും രാഹുൽ ഇന്നലെ ചർച്ച ചെയ്തു. എന്നാൽ രാഹുൽ നിലപാട് വ്യക്തമാക്കിയിട്ടില്ല, ഈ പശ്ചാത്തലത്തിൽ  ഇന്നലെ നടത്താനിരുന്ന പത്രസമ്മേളനം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വേണ്ടെന്നുവച്ചു. 

തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയ്ക്ക് അംഗീകാരം നൽകുന്നതിന് ഇന്ന് രാവിലെ 11-ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേരും. തുടർന്ന് തിരഞ്ഞെടുപ്പുസമിതി യോഗവും ചേരുന്നുണ്ട്. എന്നാൽ, ഈ യോഗങ്ങളിൽ രാഹുലിന്റെ സ്ഥാനാർഥിത്വം വിഷയമാകുമോ എന്ന് വ്യക്തതയില്ല.  വയനാട്ടിൽ രാഹുലിനെ മത്സരിപ്പിക്കുന്ന കാര്യം ഹൈക്കമാൻഡിനുമുന്നിൽ ഞായറാഴ്ചയും അവതരിപ്പിച്ചെന്നും തിങ്കളാഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഞായറാഴ്ച കോൺഗ്രസ് പുറത്തുവിട്ട ഒമ്പതാം പട്ടികയിലും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. വടകരയിൽ കെ. മുരളീധരന്റെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും രണ്ടിടത്തെയും സ്ഥാനാർഥികളെ ഒന്നിച്ചുപ്രഖ്യാപിക്കാൻ വേണ്ടിയായിരിക്കും വൈകിപ്പിക്കുന്നതെന്നുമാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്.

വയനാട്ടിൽ മത്സരിക്കാൻ രാഹുൽ സമ്മതിച്ചെന്ന് ആരെങ്കിലുംപറഞ്ഞാൽ അത്‌ വസ്തുതാപരമല്ലെന്ന് കോൺഗ്രസ് നേതാവ് പിസി ചാക്കോ 
അഭിപ്രായപ്പെട്ടിരുന്നു.  അതേസമയം കർണാടത്തിൽ രാഹുലിനായി പരിഗണിച്ച ബെംഗളൂരു സെൻട്രൽ, ബിദർ, മൈസൂരു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ പരിഗണിച്ചിരുന്ന ശിവഗംഗയിൽ കാർത്തി ചിദംബരത്തെ സ്ഥാനാർഥിയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com