കേരളം വെന്തുരുകുന്നു ; ഇന്നും നാളെയും താപനില നാലു ഡി​ഗ്രി വരെ ഉയരാം ; അ‍ഞ്ചു ജില്ലകളിൽ സൂര്യാ​ഘാത മുന്നറിയിപ്പ്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരും
കേരളം വെന്തുരുകുന്നു ; ഇന്നും നാളെയും താപനില നാലു ഡി​ഗ്രി വരെ ഉയരാം ; അ‍ഞ്ചു ജില്ലകളിൽ സൂര്യാ​ഘാത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  25, 26 തീയ്യതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.  തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. 

ഇന്നലെ മാത്രം സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു. പത്തുപേർക്ക് സൂര്യതാപമേറ്റു. തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലാണ് മൂന്നുപേർ മരിച്ചത്. ഞായറാഴ്ച കൊല്ലത്ത് നാലുപേർക്കും പത്തനംതിട്ടയിൽ മൂന്നുപേർക്കും ആലപ്പുഴ, മലപ്പുറം കാസർകോട് എന്നിവിടങ്ങളിൽ ഒരോരുത്തർക്കും സൂര്യതാപമേറ്റു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 111 പേർക്ക് സൂര്യതാപമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. 

വേനല്‍ മഴ അകന്നുനില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം. വരുംദിവസങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജാഗ്രതപാലിക്കാനും ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശം നൽകി. സൂര്യാഘാതത്തിനു പുറമേ ചിക്കൻപോക്സ്, കോളറ, ഡെങ്കിപ്പനി അടക്കം സാംക്രമിക രോഗങ്ങള്‍ക്കും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണണെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും   മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെളളം കുടിക്കണം, ചായ, കാപ്പി എന്നിവ പകല്‍സമയത്ത് ഒഴിവാക്കണം, അയഞ്ഞ ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത വെയില്‍ ഏല്‍ക്കുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പാക്കണം. തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണറും ഉത്തരവിറക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com