കൊടുംചൂടിന് പിന്നിൽ ഇക്വിനോക്സ് പ്രതിഭാസം ?; സംസ്ഥാനത്ത് ഉഷ്ണതരം​ഗത്തിനും സാധ്യത

സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് വിലയിരുത്തൽ
കൊടുംചൂടിന് പിന്നിൽ ഇക്വിനോക്സ് പ്രതിഭാസം ?; സംസ്ഥാനത്ത് ഉഷ്ണതരം​ഗത്തിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനം കൊടുംചൂടിൽ വെന്തുരുകുകയാണ്. താപനില അസാധാരണമായി വർധിക്കുന്നതിന് പിന്നിൽ ഇക്വിനോക്സ് പ്രതിഭാസമാണെന്ന നി​ഗമനവും സജീവമായിട്ടുണ്ട്. ഭൂമധ്യരേഖയ്ക്കുനേരെ സൂര്യൻ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഇക്വിനോക്സ്. ദക്ഷിണാർധ ഗോളത്തിൽ നിന്ന് ഉത്തരാർധ ഗോളത്തിലേക്കുള്ള സൂര്യന്റെ പ്രയാണത്തിലാണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെയെത്തുന്നത്. ഇതുകൊണ്ടാണ് ഉത്തരദിക്കിൽ ചൂട് കൂടുന്നതിന് കാരണം. സാധാരണയായി മാർച്ച് 21നും 26നും മധ്യേയുള്ള തീയതികളിലാണ് ഇങ്ങനെ സംഭവിക്കുക.  ഇതിന്റെ തുടർച്ചയാണ് കടുത്ത ചൂട് നിലനിൽക്കുന്നത്.

മാർച്ച് 21ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിൽ പ്രവേശിച്ചിരുന്നു. തുടർദിവസങ്ങളിൽ കേരളത്തിന്റെ നേരെ മുകളിൽ സൂര്യനെത്തുമെന്നും അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മൂന്നുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ടുമുതൽ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് വിലയിരുത്തൽ. ഇത് കേരളത്തിൽ ഉഷ്ണതരംഗമായി മാറുമെന്നും വിദ​ഗ്ധർ കണക്കുകൂട്ടുന്നു. രണ്ടിലധികം പ്രദേശങ്ങളിൽ 40 ഡിഗ്രിയിലേറെ താപനില റിപ്പോർട്ട് ചെയ്യുകയും അത് രണ്ടിലേറെ ദിവസം തുടരുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. 2019 ൽ എൻനിനോയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതുമൂലം കടുത്ത വരൾച്ച ഉണ്ടായേക്കുമെന്നായിരുന്നു വിലയിരുത്തൽ. നിലവിൽ കാറ്റ് താഴേക്കായത് ചൂടുവർധിക്കാൻ കാരണമാകുന്നുണ്ടെന്നും വിദ​ഗ്ധർ സൂചിപ്പിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com