രാഹുല്‍ വരുന്ന കാര്യത്തില്‍ തീരുമാനമായില്ല; ആവശ്യം മാനിക്കുന്നുവെന്ന് ഹൈക്കമാന്‍ഡ് 

കേരളത്തില്‍നിന്നും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനായി അഭ്യര്‍ഥന വന്നിട്ടുണ്ട്
രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍/പിടിഐ
രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍/പിടിഐ

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ്. തെക്കേ ഇന്ത്യയില്‍നിന്നു രാഹുല്‍ മത്സരിക്കണമെന്ന ആവശ്യമുണ്ടെന്നും ഇതു മാനിക്കുന്നതായും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

അമേഠിയാണ് രാഹുലിന്റെ മണ്ഡലം. രണ്ടാമതൊരു മണ്ഡലത്തില്‍നിന്നു രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേരളത്തില്‍നിന്നും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനായി അഭ്യര്‍ഥന വന്നിട്ടുണ്ട്. എല്ലാ ആവശ്യങ്ങളും മാനിക്കുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സുര്‍ജേവാല വ്യക്തമാക്കി.

വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നില്ല. മിനിമം വരുമാന പദ്ധതിയെക്കുറിച്ചു പറയാന്‍ മാത്രമാണ് വാര്‍്ത്താ സമ്മേളനം വിളിച്ചതെന്നും മറ്റു വിഷയങ്ങള്‍ പിന്നീടു സംസാരിക്കാമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം രാഹുല്‍ പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ച് നിലവിലെ സ്ഥാനാര്‍ഥി ടി സിദ്ദിഖ് പിന്‍മാറി മൂന്നു ദിനം പിന്നിട്ടിട്ടും കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഉടന്‍ തീരുമാനമുണ്ടാവുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇന്നോ ന്ാളെയോ ഇക്കാര്യത്തില്‍ തീരുമാനം വരുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com