വയനാടിനെക്കുറിച്ച് മറുപടിയില്ല ; സസ്‌പെന്‍സ് നിലനിര്‍ത്തി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടാം സീറ്റായി വയനാട് തെരഞ്ഞെടുക്കുമോ എന്ന സസ്‌പെന്‍സ് തുടരുകയാണ്
വയനാടിനെക്കുറിച്ച് മറുപടിയില്ല ; സസ്‌പെന്‍സ് നിലനിര്‍ത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : രാഷ്ട്രീയ കേരളം ഏറെ കാതോര്‍ത്തിരുന്ന പ്രഖ്യാപനം ഇന്നും ഉണ്ടായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടാം സീറ്റായി വയനാട് തെരഞ്ഞെടുക്കുമോ എന്ന സസ്‌പെന്‍സ് തുടരുകയാണ്. ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍, മല്‍സരിക്കുന്ന രണ്ടാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി. 

പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക അവതരിപ്പിക്കാനായിരുന്നു രാഹുല്‍ഗാന്ധി പത്രസമ്മേളനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിന് പുറത്തുള്ള ഒന്നിനും മറുപടി പറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയെപ്പോലെ മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ആളല്ല താന്‍. നാളെയും മറ്റന്നാളുമെല്ലാം കാണാം. അപ്പോള്‍ അതേക്കുറിച്ച് വ്യക്തമാക്കാമെന്നും, അമേഠിക്ക് പുറത്തുള്ള രണ്ടാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി. 

ഇന്നു നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുലിന്റെ സീറ്റ് സംബന്ധിച്ച് ചര്‍ച്ചയായില്ലെന്നാണ് സൂചന. പ്രകടനപത്രികയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം അമേഠിക്ക് പുറത്ത് മല്‍സരിക്കുന്ന സീറ്റ് സംബന്ധിച്ച് സോണിയാഗാന്ധിയുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും രാഹുല്‍ ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com