കൊടുചൂടില്‍ കേരളം; 41 ഡിഗ്രിയില്‍ വെന്തുരുകി പാലക്കാട്, നാല് ജില്ലകളില്‍ നാല് ഡിഗ്രി വരെ ചൂട് കൂടും, ജാഗ്രതാ നിര്‍ദ്ദേശം 

പാലക്കാട്ടെ പട്ടാമ്പിയിലും മുണ്ടൂരിലും കഞ്ചിക്കോട്ടുമാണ് ചൂട് ഏറ്റവും കൂടുതല്‍
കൊടുചൂടില്‍ കേരളം; 41 ഡിഗ്രിയില്‍ വെന്തുരുകി പാലക്കാട്, നാല് ജില്ലകളില്‍ നാല് ഡിഗ്രി വരെ ചൂട് കൂടും, ജാഗ്രതാ നിര്‍ദ്ദേശം 

കൊച്ചി: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ പാലക്കാടും. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ടിലാണ് താപനില ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളില്‍ പാലക്കാടും ഉള്‍പ്പെട്ടിട്ടുള്ളത്. നാല്പത്തിയൊന്ന് ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് ജില്ലയിലെ താപനില. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

പാലക്കാട്ടെ പട്ടാമ്പിയിലും മുണ്ടൂരിലും കഞ്ചിക്കോട്ടുമാണ് ചൂട് ഏറ്റവും കൂടുതല്‍. പകല്‍ പുറത്തിറങ്ങാനും രാത്രിയില്‍ കിടന്നുറങ്ങാനും പറ്റാത്ത സാഹചര്യമാണ് ജില്ലയില്‍ പലയിടത്തും. സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് നാല് ഡിഗ്രി വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നാല് ജില്ലകളില്‍ പാലക്കാടും ഉള്‍പ്പെടും. ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവയാണ് മറ്റ് ജില്ലകള്‍. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു മുതല്‍ 28 വരെ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

രേഖപ്പെടുത്തുന്ന ചൂടിനു പുറമേ അനുഭവപ്പെടുന്ന ചൂട് ആയ താപ തീവ്രത ഇന്നു കേരളത്തിലെ മിക്ക ജില്ലകളിലും 50 കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇന്നലെ പാലക്കാട് മേഖലയില്‍ മാത്രമാണ് 50നു മുകളില്‍ താപ സൂചിക പ്രവചിച്ചിരുന്നതെങ്കില്‍ ഇന്ന് കൊല്ലം മുതല്‍ കോഴിക്കോട് വരെ 50ന് മുകളിലെത്തും. പാലക്കാട്, തൃശൂര്‍ മേഖലകളില്‍ ഇത് 54നും മുകളിലെത്തുമെന്നും ആശങ്കയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com