രണ്ടുവര്‍ഷമായി പ്രണയത്തില്‍ ; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് റോഷന്‍ ; മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെയൊപ്പം ഇറങ്ങിവരികയായിരുന്നു. പെണ്‍കുട്ടിയുമായി ആദ്യം മംഗലാപുരത്തേക്കാണ് പോയതെന്നും റോഷന്‍
രണ്ടുവര്‍ഷമായി പ്രണയത്തില്‍ ; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് റോഷന്‍ ; മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി

മുംബൈ : കൊല്ലം ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി റോഷന്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഒളിച്ചോടിയത്. പെണ്‍കുട്ടിക്ക് 18 വയസ്സായിട്ടുണ്ട്. കുട്ടിയുടെ ആധാര്‍ കാര്‍ഡ് കൈവശമുണ്ടെന്നും റോഷന്‍ പറഞ്ഞു.

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെയൊപ്പം ഇറങ്ങിവരികയായിരുന്നു. പെണ്‍കുട്ടിയുമായി ആദ്യം മംഗലാപുരത്തേക്കാണ് പോയതെന്നും റോഷന്‍ പറഞ്ഞു. അതേസമയം റോഷനുമായി പ്രണയത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോഴാണ് ഒളിച്ചോടിയതെന്നുമാണ് പെണ്‍കുട്ടി അറിയിച്ചത്. 

പത്തുദിവസം മുമ്പ് കൊല്ലം ഓച്ചിറയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെയും പ്രതി റോഷനെയും ഇന്ന് രാവിലെ മുംബൈയില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. പന്‍വേലിലെ ചേരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും പന്‍വേലി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമം. 

പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗലൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് റോഷന്‍ ബംഗലൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ബംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. 

സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ വരെ റോഷനെയും പെണ്‍കുട്ടിയെയും അനുഗമിച്ചിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി. പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് റോഷനു വേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com