ഫോർട്ട് കൊച്ചിയിലും ​ഗോവയിലും ഭീകരാക്രമണ സാധ്യത ; രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്, ജാ​ഗ്രതാ നിർദേശം

ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിന് തിരിച്ചടി നൽകാൻ അൽഖ്വയ്ദ, ഐഎസ്ഐഎസ് എന്നീ ഭീകരസംഘടനകൾ തയ്യാറെടുക്കുന്നതായാണ് സൂചന
ഫോർട്ട് കൊച്ചിയിലും ​ഗോവയിലും ഭീകരാക്രമണ സാധ്യത ; രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്, ജാ​ഗ്രതാ നിർദേശം

ന്യൂഡൽഹി : ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിന് സമാനമായി, ഗോവയിലും കേരളത്തിലെ  ഫോർട്ട് കൊച്ചിയിലും ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോർട്ട്. രാജ്യത്തെ ജൂത മേഖലകളിൽ ആക്രമണം നടത്താൻ ഭീകര സംഘടന തയ്യാറെടുക്കുന്നതായാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഈ പ്രദേശങ്ങളിൽ കർശന സുരക്ഷയൊരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലുണ്ടായതിന് സമാനമായ ആക്രമണങ്ങൾ ഇന്ത്യയിലെ ജൂത മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലുള്ളത്. ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിന് തിരിച്ചടി നൽകാൻ അൽഖ്വയ്ദ, ഐഎസ്ഐഎസ് എന്നീ ഭീകരസംഘടനകൾ തയ്യാറെടുക്കുന്നതായാണ് സൂചന. 

ജൂതമേഖലകളിൽ  ആക്രമണം നടത്താനാണ് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. രഹസ്യാന്വേ,ണ ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചതായി ​ഗോവ പൊലീസ് ഐജി ജസ്പാൽ സിം​ഗ് സ്ഥിരീകരിച്ചു. ജൂതന്മാരും, ഇസ്രായേലി ടൂറിസ്റ്റുകളും ഉള്ള പ്രദേശങ്ങൾക്ക് സുരക്ഷ ശക്തമാക്കിയതായും ഐജി അറിയിച്ചു. 

കേരളത്തിൽ ജൂത മത വിശ്വാസികളുള്ള പ്രദേശമാണ് മട്ടാഞ്ചേരിയിലെ ജൂത തെരുവ്. ജൂതപ്പള്ളി അഥവാ സിനഗോഗ് ഫോർട്ട് കൊച്ചിയുടെ മുഖ്യ ആകർഷണ കേന്ദ്രമാണ്. നിരവധി ടൂറിസ്റ്റുകൽ എത്തുന്ന പ്രദേശമാണ് ഇവിടം. കൂടാതെ രാജ്യത്ത് ജൂത മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇസ്രായേലി ടൂറിസ്റ്റുകളും ഉള്ള പ്രദേശത്തെല്ലാം ജാ​ഗ്രത പുലർത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com