വയനാട് കെസി വേണുഗോപാല്‍ മോഹിച്ച സീറ്റ്, രാഹുലിന്റെ 'വരവ്' ഉമ്മന്‍ ചാണ്ടിയെ വെട്ടാന്‍ ഐ ഗ്രൂപ്പ് പുറത്തെടുത്ത പൂഴിക്കടകന്‍

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകും എന്ന കേരള നേതാക്കളുടെ വെളിപ്പെടുത്തലിനു മുമ്പും ശേഷവും സംസ്ഥാന കോണ്‍ഗ്രസില്‍ നടന്നത് രാഷ്ട്രീയ നാടകങ്ങള്‍
വയനാട് കെസി വേണുഗോപാല്‍ മോഹിച്ച സീറ്റ്, രാഹുലിന്റെ 'വരവ്' ഉമ്മന്‍ ചാണ്ടിയെ വെട്ടാന്‍ ഐ ഗ്രൂപ്പ് പുറത്തെടുത്ത പൂഴിക്കടകന്‍


തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകും എന്ന കേരള നേതാക്കളുടെ വെളിപ്പെടുത്തലിനു മുമ്പും ശേഷവും സംസ്ഥാന കോണ്‍ഗ്രസില്‍ നടന്നത് രാഷ്ട്രീയ നാടകങ്ങള്‍. സ്വന്തം ഗ്രൂപ്പുകാരനായ ടി സിദ്ദീഖിന് വയനാട് സീറ്റുറപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കങ്ങളും അതില്‍ രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും മാത്രമല്ല എ കെ ആന്റണിക്കും ഉണ്ടായ അതൃപ്തിയുമാണ് രാഹുലിന്റെ പേര് വലിച്ചിഴക്കുന്നതില്‍ എത്തിയത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കാനുള്ള ആലോചന ആദ്യം പുറത്തുവിട്ട് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ ഞെട്ടിക്കുകയും ചെയ്തു. 

കെപിസിസി അധ്യക്ഷനാണെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രന് ഈ സംഭവ വികാസങ്ങളിലും അടിയൊഴുക്കുകളിലും കാഴ്ചക്കാരന്റെ റോളാണ് ഉണ്ടായിരുന്നത്. അതിലെ പരാതി അദ്ദേഹം ആന്റണിയെ അറിയിച്ചതായും സൂചനയുണ്ട്. രാഹുല്‍ ഗാന്ധിയുടെ പേരില്‍ നടന്നഅന്തര്‍നാടകങ്ങളുടെ ഉള്ളുകള്ളി തുറന്നു കാട്ടാന്‍ പി സി ചാക്കോ നടത്തിയ വാര്‍ത്താ സമ്മേളനവും പോര് രൂക്ഷമാക്കി.

വയനാട് സീറ്റ് ലഭിച്ചാല്‍ മല്‍സരിച്ചാല്‍ കൊള്ളാമെന്ന് കെ സി വേണുഗോപാലിന് ആഗ്രഹമുണ്ടായിരുന്നു. സിറ്റിംഗ് സീറ്റാണെങ്കിലും ഇത്തവണ സുരക്ഷിതമല്ലാത്ത ആലപ്പുഴയിലാണെങ്കില്‍ മല്‍സരിക്കുന്നില്ല എന്നാണ് വേണുഗോപാല്‍ തീരുമാനിച്ചത്. വയനാടാണെങ്കില്‍ സംഘടനാ ഉത്തരവാദിത്തങ്ങള്‍ക്ക് തടസ്സമുണ്ടാകാതെതന്നെ മല്‍സരിക്കാനും വിജയിക്കാനും സാധിക്കും എന്നായിരുന്നു കണക്കുകൂട്ടല്‍. രമേശും അതിന് അനുകൂലമായിരുന്നു. എന്നാല്‍ സിദ്ദീഖിന് വയനാട് സീറ്റ് കൊടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി കേരളത്തിലും ഡല്‍ഹിയിലും നടന്ന ചര്‍ച്ചകളില്‍ വാശി പിടിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഷാനിമോള്‍ ഉസ്മാനെയാണ് പിന്തുണച്ചത്. ഒരു ഘട്ടത്തില്‍ അത് വേണുഗോപാലിന് അനുകൂലമായി മാറി. എന്നാല്‍ മറ്റൊരു പേരും ഉമ്മന്‍ ചാണ്ടി അംഗീകരിച്ചില്ല. ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോയതും സിദ്ദീഖിനു വേണ്ടിയായിരുന്നു.

ഐ ഗ്രൂപ്പിന്റെ സീറ്റ് സമ്മര്‍ദത്തിനു വഴങ്ങി എ ഗ്രൂപ്പിന് കൊടുക്കേണ്ടി വന്നതിലെ രോഷം തീര്‍ക്കാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമായിരുന്നു രാഹുല്‍ ഗാന്ധിയെ വയനാട്ടിലേക്ക് ക്ഷണിക്കുക എന്നത്. കെ സി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ത്തന്നെ ഇത് ഔദ്യോഗികമാക്കാന്‍ ശ്രമിച്ചു. രാഹുലിനെ താന്‍ ക്ഷണിച്ചെന്നും എഐസിസി നിലപാട് അനുകൂലമാണെന്നും രമേശ് ചെന്നിത്തലയെക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തി പറയാനായിരുന്നു തീരുമാനം. പിന്നീട് രാഹുലിനെക്കൊണ്ട് സമ്മതിപ്പിക്കാമെന്നാണ് കണക്കുകൂട്ടിയത്. എന്നാല്‍ രമേശിന്റെ പത്രസമ്മേളനം തീരുമാനിച്ചപ്പോള്‍ത്തന്നെ വിവരം ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചു. അദ്ദേഹം ഉടനേതന്നെ മാധ്യമങ്ങളോട് പറയുകയും ചെയ്തു. താനാണ് ഇത്തരം കാര്യങ്ങള്‍ ആദ്യം അറിയുന്നത് എന്നു വരുത്താനും തന്നെ വെട്ടിയെന്ന ഐ ഗ്രൂപ്പിന്റെ തോന്നല്‍ പൊളിക്കാനും ഒറ്റയടിക്കു സാധിച്ചു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ 'നേട്ടം'. 

രാഹുല്‍ ഗാന്ധിക്കു വേണ്ടി ആഹ്ലാദത്തോടെ പിന്മാറിയ സിദ്ദീഖും കളികള്‍ അറിയാന്‍ വൈകി. അതോടെ ആദ്യത്തെ ആഹ്ലാദം കെട്ടട
ങ്ങുകയും ചെയ്തു. ഇതു മറികടക്കാനാണ് സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ നേതാവ് മുക്കം ഉമര്‍ ഫൈസിയെക്കൊണ്ട് കോണ്‍ഗ്രസിലെ സീറ്റു വിഭജനത്തിനെതിരേ സംസാരിച്ചത്. കോണ്‍ഗ്രസ് മുസ്‌ലീം നേതാക്കളോട് വിവേചനം കാട്ടിയെന്നും രാഹുല്‍ വനാട്ടില്‍ മല്‍സരിച്ചാല്‍ സിദ്ദീഖിന് വിജയം ഉറപ്പുള്ള സീറ്റ് നല്‍കണമെന്നുമാണ് ഫൈസി പറഞ്ഞത്. 

രാഹുലിന്റെ തീരുമാനം അനിശ്ചിതത്വത്തിലായതോടെ വയനാട് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തനം നിലച്ചു. ഇനി സിദ്ദീഖ് തിരികെ വന്നാലും നഷ്ടപ്പെട്ട മേല്‍ക്കൈ തിരിച്ചുപിടിക്കാനാകും എന്നുറപ്പില്ല. അതാണ് ഐ ഗ്രൂപ്പ് ആഗ്രഹിക്കുന്നതും.
രാഹുലിനെ കരുവാക്കി ഗ്രൂപ്പ് വൈരം തീര്‍ത്തതിനെതിരേയാണ് പി സി ചാക്കോ രംഗത്തു വന്നത്. അത് രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com