വായ്പകള്‍ക്ക് മൊറട്ടോറിയം; സര്‍ക്കാര്‍ അപേക്ഷ തെരഞ്ഞടുപ്പ് കമ്മീഷന്‍ തളളി; തിരിച്ചടി

മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സമയബന്ധിതമായി ഉത്തരവിറക്കിയില്ല 
വായ്പകള്‍ക്ക് മൊറട്ടോറിയം; സര്‍ക്കാര്‍ അപേക്ഷ തെരഞ്ഞടുപ്പ് കമ്മീഷന്‍ തളളി; തിരിച്ചടി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ മടക്കി. ചീഫ് സെക്രട്ടറിക്കാണ് ഫയല്‍ തിരിച്ചയച്ചത്. ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യവും കാരണവും വിശദമാക്കണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു. മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സമയബന്ധിതമായി ഉത്തരവിറക്കിയില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചോദിച്ചു. ഇക്കാര്യങ്ങള്‍ വിശദമാക്കിയാല്‍ മാത്രം തുടര്‍നടപടിയെന്നും ടിക്കാറാം മീണ പറഞ്ഞു. 

മൊറട്ടോറിയം നീട്ടി ഉത്തരവിറക്കാന്‍ റവന്യു വകുപ്പിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കു കഴിഞ്ഞ ദിവസം കത്ത്് അയച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടാത്തതിന്റെ പേരില്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൊറട്ടോറിയം ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണമെന്നു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിയും രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു.

എന്നാല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി, മന്ത്രിയുടെ നിര്‍ദേശം തള്ളി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയുമില്ല. ഇതാണു വിമര്‍ശനത്തിനു വഴിയൊരുക്കിയത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെ 3 സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളും വെള്ളിയാഴ്ച ഈ ഫയലില്‍ ഒപ്പുവച്ച് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിക്കായി കൈമാറി.

വാണിജ്യ, ദേശസാല്‍കൃത ബാങ്കുകളിലെ വായ്പകളുടെ ജപ്തി നടപടിക്കുള്ള മൊറട്ടോറിയത്തിന് വരുന്ന ജൂലൈ 31 വരെ പ്രാബല്യമുണ്ട്. സഹകരണ ബാങ്ക്, ഹൗസിങ് ബോര്‍ഡ്, വിവിധ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാകട്ടെ ഒക്ടോബര്‍ 11 വരെയും. ഇതു പരിഗണിച്ചായിരിക്കും കമ്മിഷന്‍ തീരുമാനമെടുക്കുക. പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരിക്കെ ഏതൊക്കെ ഉത്തരവുകള്‍ക്കാണു കമ്മിഷന്‍ അനുമതി നല്‍കുകയെന്നു സ്‌ക്രീനിങ് കമ്മിറ്റിക്കു ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയ സമ്മര്‍ദം മൂലം അവര്‍ ഇതു കമ്മിഷനു വിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com