വിപ്ലവം ചുവപ്പിച്ച കിഴക്കിന്റെ വെനീസ്; 'കൈപ്പിടിയിലൊതുങ്ങുമോ' ആലപ്പുഴ?, അട്ടിമറിക്കാന്‍ ആരിഫ്

വിപ്ലവം ചുവപ്പിച്ച കിഴക്കിന്റെ വെനീസ്; 'കൈപ്പിടിയിലൊതുങ്ങുമോ' ആലപ്പുഴ?, അട്ടിമറിക്കാന്‍ ആരിഫ്

വിപ്ലവം ചുവപ്പിച്ച പുന്നപ്ര വയലാറും മലയാള നാടിന് അന്നമൂട്ടുന്ന കുട്ടനാടും ഉള്‍പ്പെടുന്ന കയറും കായലും കടലും നിറഞ്ഞ ആലപ്പുഴ- കിഴക്കിന്റെ വെനീസ്

വിപ്ലവം ചുവപ്പിച്ച പുന്നപ്ര വയലാറും മലയാള നാടിന് അന്നമൂട്ടുന്ന കുട്ടനാടും ഉള്‍പ്പെടുന്ന കയറും കായലും കടലും നിറഞ്ഞ ആലപ്പുഴ- കിഴക്കിന്റെ വെനീസ്. തൊഴിലാളി വര്‍ഗ പോരാട്ടത്തിന്റെ ചോര പൊടിഞ്ഞ ചരിത്രമുണ്ടെങ്കിലും ധീര രക്തസാക്ഷികളുറങ്ങുന്ന മണ്ണിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയം വലതു മുന്നണിയോട്. 

1962ല്‍ അമ്പലപ്പുഴയെന്ന പേരില്‍ മണ്ഡലം രൂപീകരിച്ച തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തുണച്ച് പികെവിയെ ഡല്‍ഹിക്കയച്ച മണ്ഡലം പിന്നീട് ഏറ്റവും കൂടുതല്‍ നടന്നത് യുഡിഎഫിനൊപ്പം. 1996മുതല്‍ 99വരെ വിഎം സുധീരന്റെ തട്ടകമായി ആലപ്പുഴ. 2004ല്‍ കെഎസ് മനോജിലൂടെ വീണ്ടും ഇടതുപക്ഷത്തേക്ക്. 2009ല്‍ കെസി വേണുഗോപാലിലൂടെ മണ്ഡലം വീണ്ടും യുഡിഎഫിലേക്ക്. 2014ല്‍ വീണ്ടും കെസി. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സിബി ചന്ദ്രബാബുവിനെ തോല്‍പ്പിച്ചത് 19,470വോട്ടിന്റെ ഭൂരിപക്ഷത്തില്‍. 

ഇത്തവണ കെസി വേണുഗോപാലിനെ മാറ്റി നിര്‍ത്തി ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് ഇറക്കുമ്പോള്‍, അരൂര്‍ എംഎല്‍എ എഎം ആരിഫിനെ രംഗത്തിറുക്കയാണ് സിപിഎം. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത് കെഎസ് രാധാകൃഷ്ണനും. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

ആലപ്പുഴ ജില്ലയിലെ  അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയമസഭാമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ മണ്ഡലം. കഴിഞ്ഞ തവണ കെസി വേണുഗോപാല്‍ നേടിയത് 462,525 വോട്ടുകള്‍. സിപിഎം സ്ഥാനാര്‍ത്ഥി സിബി ചന്ദ്രബാബു 4,43,118വോട്ട് പിടിച്ചു. പിളര്‍ന്നുപോയ ആര്‍എസ്പിയുമായി എന്‍ഡിഎയിലെത്തിയ എവി താമരാക്ഷന്‍ പിടിച്ചത് 4,051 വോട്ട്. ആറ് നിയമസഭ മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കായംകുളത്ത് മാത്രമാണ് ഇടതുപക്ഷത്തിന് മേല്‍ക്കൈ കിട്ടിയത്. ചേര്‍ത്തലയിലായിരുന്നു കെസി വേണുഗോപാലിന് ഏറ്റവും വലിയ ഭൂരിപക്ഷം, 76,747വോട്ട്. 

2016 നിയസഭ തെരഞ്ഞെടുപ്പ്

കേരളം മൊത്തത്തില്‍ ഇടത് കാറ്റ് വീശിയ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്ന ശീലം ആലപ്പുഴക്കാര്‍ പിന്തുടര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് ഒഴികെ മറ്റെല്ലായിടത്തും ഇടതുപക്ഷം വിജയിച്ചു. ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ 18,621 വോട്ടിന്റെ ഭൂരിപക്ഷം കുറച്ചാല്‍ ബാക്കിയുള്ള ആറുമണ്ഡലങ്ങളിലെല്ലാമായി 94,363 വോട്ടിന്റെ മേല്‍ക്കൈ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്നു.

എസ്എന്‍ഡിപിക്ക് കടുത്ത സ്വാധീനമുള്ള മണ്ഡലമാണ് ആലപ്പുഴ. ഇത്തവണ എസ്എന്‍ഡിപി എല്‍ഡിഎഫിനൊപ്പമാണ് എന്നത് ആരിഫിന് വിശ്വാസം വര്‍ധിപ്പിക്കുന്നു. സിറ്റിങ് എംപി കെസി വേണുഗോപാലിന് എതിരെ ഉയര്‍ന്നുനില്‍ക്കുന്ന ഭരണവിരുധ വികാരം മുതലെടുക്കാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. ബിഡിജെഎസ് കൂടെയുള്ളതുകൊണ്ട് ഈഴവ വോട്ട് കൂടെപ്പോരും എന്ന ധാരണയിലാണ് എന്‍ഡിഎ. ധീവര സമുദായത്തിന്റെ വോട്ടും തങ്ങള്‍ക്ക് കിട്ടുമെന്ന് രാധാകൃഷ്ണനും കൂട്ടരും പ്രതീക്ഷിക്കുന്നു. എസ്എന്‍ഡിപിക്ക് പുറമേ മുസ്‌ലിം വിഭാഗത്തിനും ലാറ്റിന്‍ വിഭാഗത്തിനും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. 

വോട്ടു നില 2014

കെസി വേണുഗോപാല്‍ (യുഡിഎഫ് )4,62,525
സിബി ചന്ദ്രബാബു (എല്‍ഡിഎഫ്) 4,43,118
എവി താമരാക്ഷന്‍ (എന്‍ഡിഎ) 43,051

ആകെ വോട്ടര്‍മാര്‍ 13,14,535
പുരുഷന്മാര്‍: 6,33,371
സ്ത്രീകള്‍: 6,81,164

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com