തൃശൂരില്‍ തുഷാര്‍ മത്സരിക്കും; എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ല

എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്നും രാജിവെയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു
തൃശൂരില്‍ തുഷാര്‍ മത്സരിക്കും; എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ല

തൃശൂര്‍: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട്, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെളളാപ്പളളി മത്സരിക്കും. വയനാട്ടില്‍ പൈലി വാത്യാട്ടിനെ സ്ഥാനാര്‍ത്ഥിയായും ബിഡിജെഎസ് പ്രഖ്യാപിച്ചു. തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ മത്സരിക്കണമെന്ന് ബിജെപി തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. 

സ്ഥാനാര്‍ത്ഥിയായാല്‍ എസ്എന്‍ഡിപിയിലെ സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കുമെന്ന മുന്‍നിലപാടില്‍ നിന്ന് തുഷാര്‍ പിന്നോട്ടുപോയി. എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്നും രാജിവെയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. അച്ഛന്‍ വെളളാപ്പളളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്നും തുഷാര്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് തുഷാര്‍ വെളളാപ്പളളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൃശൂര്‍, വയനാട് സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കുമെന്നായിരുന്നു തുഷാര്‍ നല്‍കിയ സൂചന. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ പ്രഖ്യാപനം. മുന്‍പ് ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ മാത്രമേ മത്സരിക്കുകയുളളുവെന്ന തുഷാറിന്റെ നിലപാട് എന്‍ഡിഎയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം വയനാട്ടില്‍ രാഹുല്‍ എത്തിയാല്‍ സ്ഥാനാര്‍ത്ഥി മാറാമെന്ന സൂചന തുഷാര്‍ വീണ്ടും ആവര്‍ത്തിച്ചു.രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാല്‍ സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാനാണ് ധാരണ. 

ആലത്തൂരില്‍ ടി.വി.ബാബു, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് ബിഡിജെഎസിന്റെ മറ്റു സ്ഥാനാര്‍ത്ഥികള്‍.കേരളത്തില്‍ അഞ്ചിടത്താണ് ബിഡിജെഎസ് മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com