പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്?; ബിജെപി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി 

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു
പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്?; ബിജെപി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി 

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജനപക്ഷം ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പി സി ജോര്‍ജ് ബിജെപി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന നേതാക്കളുമായും ജോര്‍ജ് ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ പുതിയ രാഷ്ട്രീയനീക്കത്തില്‍ പ്രതികരിക്കാന്‍ പി സി ജോര്‍ജ് തയ്യാറായിട്ടില്ല. മുന്നണി പ്രവേശനത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്ന് പി സി ജോര്‍ജ് പിന്മാറിയതെന്നാണ് വിവരം. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. 

ശബരിമല വിഷയത്തില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് പി സി ജോര്‍ജ് സ്വീകരിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പി സി ജോര്‍ജ് കറുപ്പണിഞ്ഞ് നിയമസഭയില്‍ എത്തിയിരുന്നു. ഇതിന് പുറമേ ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാലിനൊടൊപ്പം നിയമസഭയില്‍ ഇരുന്ന്് എന്‍ഡിഎ മുന്നണിയിലേക്ക് പോകുന്നുവെന്ന പ്രതീതിയും പി സി ജോര്‍ജ് സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് അകന്ന പി സി ജോര്‍ജ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താന്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും മറ്റു മണ്ഡലങ്ങളില്‍ ജനപക്ഷം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും പിന്മാറിയ പി സി ജോര്‍ജിനെ എന്‍ഡിഎയില്‍ എത്തിക്കാനുളള നീക്കങ്ങള്‍ ബിജെപി നടത്തിവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com