വയനാട്ടില്‍ 'കോ-മാ-ജി' സഖ്യം; ജിഹാദികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമെന്ന് ബിജെപി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ചുരം വഴി കേരളത്തില്‍ എത്തുന്നതിന് പിന്നില്‍ കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ്, ജിഹാദി എന്ന 'കോ-മാ-ജി' സംയുക്ത കൂട്ടുകെട്ടാണെന്ന് ബിജെപി
വയനാട്ടില്‍ 'കോ-മാ-ജി' സഖ്യം; ജിഹാദികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമെന്ന് ബിജെപി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ചുരം വഴി കേരളത്തില്‍ എത്തുന്നതിന് പിന്നില്‍ കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ്, ജിഹാദി എന്ന 'കോ-മാ-ജി' സംയുക്ത കൂട്ടുകെട്ടാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും, എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ പികെ ക്യഷ്ണദാസ്. കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ്, ജിഹാദികള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം ആയതിനാലാണ് വയനാട് രാഹുലിനായി തെരഞ്ഞെടുത്തതെന്ന് കൃഷ്ണദാസ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. 

'കോ-മാ-ജി' സഖ്യത്തിന്റെ സ്ഥീരികരണമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടില്‍  പ്രചരണത്തിന് എത്താത്തത്. യെച്ചൂരി എന്ത് കൊണ്ടാണെന്ന് വയനാട്ടിലെത്താത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ബംഗാളിലും, തൃപുരയിലും മാത്രമല്ല കേരളത്തിലും സീറ്റ് ധാരണയിലെത്തിയെന്ന് വയനാട് വിളിച്ചു പറയും.

ദേശീയ തലത്തില്‍ രൂപം കൊണ്ട 'കോ-മാ-ജി' സഖ്യം ഇതോടെ അരങ്ങത്ത് നിന്ന് അണിയറയിലേക്ക് എത്തിയിരിക്കുന്നു. കന്യാകുമാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കുന്ന സിപിഎം, തിരുവനന്തപുരത്ത്  കോണ്‍ഗ്രസിന് എതിരെ മത്സരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് വിരോധാഭാസമാണ്. 

ബാലാക്കോട്ട് സംഭവത്തില്‍ പാക് അനുകൂല പരാമര്‍ശവും, ഇമ്രാന്‍ ഖാനെ പുകഴ്ത്തുന്ന നിലപാടും എടുത്തത് കോണ്‍ഗ്രസും സിപിഎമ്മും പിന്നെ ജിഹാദികളും മാത്രമാണ്. ഈ ദേശ വിരുദ്ധ ശക്തികളുടെ പുതിയ കോമാജി സഖ്യത്തിന്റെ പ്രഖ്യാപിത സ്ഥാനാത്ഥിയും, അപ്രഖ്യാപിത നേതാവാണ് വയനാട് ചുരം കേറുന്ന രാഹുല്‍ ഗാന്ധിയെന്നും കൃഷ്ണദാസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com