'കണ്ടപ്പോള്‍ എത്ര സുന്ദരമായാണ് നിങ്ങള്‍ അഭിനയിച്ചത്; കെട്ടിപ്പിടിച്ചത്; ഉമ്മ വെച്ചത്'; മറുപടിയുമായി ദീപാ നിശാന്ത്

പിന്നീട് കണ്ടപ്പോൾ എത്ര സുന്ദരമായാണ് നിങ്ങൾ അഭിനയിച്ചത്. കെട്ടിപ്പിടിച്ചത്. ഉമ്മ വെച്ചത്
'കണ്ടപ്പോള്‍ എത്ര സുന്ദരമായാണ് നിങ്ങള്‍ അഭിനയിച്ചത്; കെട്ടിപ്പിടിച്ചത്; ഉമ്മ വെച്ചത്'; മറുപടിയുമായി ദീപാ നിശാന്ത്

കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വിമര്‍ശിച്ച ദീപാ നിശാന്തിനെതിരെ എംഎല്‍എ അനില്‍ അക്കരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും വാക്‌പോര് സമൂഹമാധ്യമങ്ങളില്‍ സജീവമായതോടെ ദീപാ നിശാന്ത് എംഎല്‍എയുമായുള്ള ചാറ്റുകള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ദീപാ നിശാന്തിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരുന്നു. ശാരദക്കുട്ടിയുടെ രൂക്ഷമായ വിമര്‍ശനത്തിന് അതേനാണയത്തില്‍ മറുപടി നല്‍കുകയാണ് ദീപ നിശാന്ത്. 

'പബ്ലിക്കായി ഒരാളെ അപമാനിക്കാം. അയാള്‍ ചിന്തിക്കാത്ത, എഴുതാത്ത ,പറയാത്ത കാര്യങ്ങള്‍ ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ തുറന്നടിക്കാം. പക്ഷേ മറുപടി വിശ്വാസയോഗ്യമായ തെളിവുകളോടെ കൊടുത്താല്‍ അപ്പോള്‍ ചുരണ്ടാന്‍ തുടങ്ങുന്ന ആ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സുണ്ടല്ലോ. അതെനിക്ക് വേണ്ട ടീച്ചറേ.ടീച്ചറെടുത്തോളു'- എന്നായിരുന്നു ദീപാ നിശാന്തിന്റെ മറുപടി.

സ്വന്തം അച്ഛനെപ്പറ്റി , ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കാര്യം ഒരു ജനപ്രതിനിധി ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ വിളിച്ചു പറയുക. അത് കേട്ട് നിസ്സഹായനായി മാനസികവ്യഥയോടെ ഒരു പാവം മനുഷ്യന്‍ ഇരിക്കുക. ഇതൊക്കെ ടീച്ചര്‍ക്ക് എത്ര നിസ്സാരം അല്ലേ? ടീച്ചറുടെ മാനവികത ചിലരോട് മാത്രമേ വഴിഞ്ഞൊഴുകൂ അല്ലേ? 

ടീച്ചറുടെ ആശങ്കയും വേദനയും എനിക്ക് മനസ്സിലാകും. ടീച്ചര്‍ ഒരിക്കല്‍ എന്നെപ്പറ്റി പബ്ലിക്കായി പറഞ്ഞ കള്ളങ്ങള്‍ ഞാന്‍ പൊളിച്ചു കാട്ടിയതും സ്‌ക്രീന്‍ ഷോട്ട് വെച്ചായിരുന്നല്ലോ. അന്ന് ടീച്ചറെന്തുകൊണ്ടാണ് എല്ലാം ഡിലീറ്റാക്കി യങ്ങ് പോയിക്കളഞ്ഞത് .പിന്നീട് കണ്ടപ്പോള്‍ എത്ര സുന്ദരമായാണ് നിങ്ങള്‍ അഭിനയിച്ചത്. കെട്ടിപ്പിടിച്ചത്. ഉമ്മ വെച്ചതെന്ന് ദീപാ നിശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ദീപയുമായി യുദ്ധത്തിനു പാങ്ങില്ല. പിന്തുണക്ക് ആളുമില്ല. ഞാന്‍ രണ്ടു പേരെക്കുറിച്ചും പൊതുവായിട്ട പോസ്റ്റാണ്.ഒരാളെ മാത്രമായി ഒന്നുമേ പറഞ്ഞിട്ടില്ല. ക്ഷമിക്കുക'യന്നായിരുന്നു ഇതിന് ശാരദക്കുട്ടിയുടെ മറുപടി

'രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവരിലുമുണ്ടാകും. പക്ഷേ, രഹസ്യസംഭാഷണങ്ങളും സ്വകാര്യ ചാറ്റുമൊക്കെ പരസ്യമാക്കിക്കൊണ്ടുള്ള വിഴുപ്പലക്കല്‍ ഏതു സാഹചര്യത്തിലായാലും മാന്യമല്ല. സൗഹൃദമുള്ള സമയത്തെ ഫോണ്‍ കോളുകള്‍, ചാറ്റുകള്‍ ഒക്കെ സൂക്ഷിച്ചു വെച്ച് സൗഹൃദം നഷ്ടപ്പെടുമ്പോള്‍ അവയെടുത്തുപയോഗിക്കുന്നത് ഭയപ്പാടുണ്ടാക്കുന്ന തരം സ്വഭാവ വൈകല്യമാണ്.ഗാലറിയില്‍ കയ്യടിക്കാന്‍ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല. ഇതൊക്കെ കണ്ട് ലജ്ജയോടെ തല കുനിച്ചിരിക്കുന്ന വേറൊരു വലിയ വിഭാഗവും ഇവിടെയുണ്ട്. രണ്ടു കൂട്ടരുടെയും വിഴുപ്പലക്കലുകള്‍ കേട്ട് അവര്‍ക്ക് മനംപിരട്ടലാണുണ്ടാകുന്നതെന്നായിരുന്നു ശാരദക്കുട്ടിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com