ചൂടില്‍ വിയര്‍ത്ത് കേരളം; 117 പേര്‍ക്ക് സൂര്യാതപമേറ്റു, പാലക്കാട് ഇന്നും 41 ഡിഗ്രി 

കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് പാലക്കാട്, തൃശൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയത്
ചൂടില്‍ വിയര്‍ത്ത് കേരളം; 117 പേര്‍ക്ക് സൂര്യാതപമേറ്റു, പാലക്കാട് ഇന്നും 41 ഡിഗ്രി 

കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂട് തുടരവേ, ഇന്ന് 117 പേര്‍ക്ക് സൂര്യാതപമേറ്റു. ആലപ്പുഴയിലും കൊല്ലത്തും ഇന്ന് 14 പേര്‍ക്ക് വീതം പൊള്ളലേറ്റു. കോഴിക്കോട്ട് 13 പേര്‍ക്കാണ് സൂര്യാതപമേറ്റത്.കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് പാലക്കാട്, തൃശൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയത്.  

കൊച്ചിയില്‍ ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. വാഹനപരിശോധനയ്ക്കിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ഭരതന്‍ തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഏപ്രില്‍ ആറുവരെ അംഗന്‍വാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

തുടര്‍ച്ചയായ നാലാം ദിവസവും പാലക്കാട് താപനില 41 ഡിഗ്രി സെല്‍ഷ്യസായി തുടരുകയാണ്. തൃശ്ശൂരില്‍ താപനില 39.1 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു. പുനലൂരില്‍ ചൂട് 38 ഡിഗ്രിയാണ്. മിക്കജില്ലകളിലും താപനില 35 ന് മുകളിലാണ്. വയനാട്ടിലും ഇടുക്കിയിലും ഒഴികെ എല്ലായിടത്തും ഞായറാഴ്ചവരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സൂര്യാതപം ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷനും നിര്‍ദ്ദേശിച്ചു.

മേഘാവരണം ഇല്ലാത്തതിനാല്‍ അതികഠിനമായ ചൂട് നേരിട്ട് ഭൂമിയില്‍ പതിക്കും. അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാല്‍ സൂര്യാതപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.രാവിലെ 11 മണി മുതല്‍ വൈകീട് 3 മണിവരെയുള്ള സമയത്ത് വെയില്‍ ഏല്‍ക്കരുതെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍ , ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

വരള്‍ച്ച , പകര്‍ച്ചവ്യാധികള്‍ എന്നിവയെ നേരിടാന്‍ കര്‍മ സമിതികളും തയ്യാറായിട്ടുണ്ട്. ജില്ലകളിലെ സ്ഥിതി ഗതികള്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍ റൂമുകള്‍ നിരീക്ഷിക്കുന്നുണ്ട്.അതേസമയം, കേരളത്തില്‍ അതികഠിനമായ ചൂട് ഒരാഴ്ചകൂടി വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com