പ്രഖ്യാപിക്കുകയല്ലല്ലോ ആവശ്യപ്പെടുകയല്ലേ ചെയ്തത്; രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മലക്കംമറിഞ്ഞ് ചെന്നിത്തലയും

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് അതറിയാമായിരുന്നെങ്കില്‍ നേരത്തെ പറയില്ലേ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി
പ്രഖ്യാപിക്കുകയല്ലല്ലോ ആവശ്യപ്പെടുകയല്ലേ ചെയ്തത്; രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മലക്കംമറിഞ്ഞ് ചെന്നിത്തലയും

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാവുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ സ്ഥാനാര്‍ഥിയാവുമെന്നു പ്രഖ്യാപിക്കുകയല്ല, ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. 

കേരളത്തിലെയും കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും പിസിസികള്‍ രാഹുല്‍ സ്ഥാനാര്‍ഥിയാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ സ്ഥാനാര്‍ഥിയാവണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയാണ് കേരളത്തിലെ നേതാക്കള്‍ ചെയ്തത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമാണ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് അതറിയാമായിരുന്നെങ്കില്‍ നേരത്തെ പറയില്ലേ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

സിപിഎമ്മിന്റെ സമ്മര്‍ദം മൂലമാണ് രാഹുല്‍ വയനാട്ടില്‍ എത്താത്തത് എന്ന പ്രചാരണത്തിനു പിന്നില്‍ ബിജെപി ആണെന്ന് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെ സമ്മര്‍ദത്തിനു വഴങ്ങി എടുക്കേണ്ട തീരുമാനമാണോ ഇതെന്ന് ചെന്നിത്തല ചോദിച്ചു. അങ്ങനെ സമ്മര്‍ദത്തിനു വഴങ്ങുന്നയാളല്ല രാഹുല്‍ ഗാന്ധി. എന്തായാലും ഇക്കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാവും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ഘടകകക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. രാഹുല്‍ സ്ഥാനാര്‍ഥിയാവണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com