54 ദിവസം നിരപരാധിയെ ജയിലിലടച്ചു: 1.40 കോടി രൂപ നഷ്ടപരിഹാരം തേടി ഹര്‍ജി

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പതിനഞ്ച് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു താജുദ്ദീനെ അറസ്റ്റ് ചെയ്ത് 54 ദിവസം തടവിലിട്ടത്. 
54 ദിവസം നിരപരാധിയെ ജയിലിലടച്ചു: 1.40 കോടി രൂപ നഷ്ടപരിഹാരം തേടി ഹര്‍ജി

കൊച്ചി: മാലമോഷണ കേസില്‍ ആള് മാറി അറസ്റ്റ് ചെയ്ത് 54 ദിവസം തടവിലിട്ട സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതില്‍ ഹര്‍ജി. തലശേരിയിലെ വികെ താജുദ്ദീനാണ് 1.40 കോടി രൂപ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കോടതി, സര്‍ക്കാരുള്‍പ്പെടെ എതിര്‍കക്ഷികളില്‍ നിന്നും വിശദീകരണം തേടി.

2018 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിദേശത്ത് ജോലി ചെയ്തിരുന്ന താജുദ്ദീനെ കതിരൂര്‍ പുല്യാട്ട് വീട്ടിനടുത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പതിനഞ്ച് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു താജുദ്ദീനെ ചക്കരക്കല്‍ എസ്‌ഐ അറസ്റ്റ് ചെയ്ത് 54 ദിവസം തടവിലിട്ടത്. 

ഇതുമൂലം ഹര്‍ജിക്കാരന് യഥാസമയം ഖത്തറില്‍ തിരികെ ജോലിക്കെത്താന്‍ സാധിച്ചിരുന്നില്ല. അതോടെ ഉപജീവനമാര്‍ഗം നഷ്ടമായി. ഇതിനുത്തരവാദികളായ കണ്ണൂര്‍ ചക്കരക്കല്‍ പോലീസിലെ മൂന്ന് പോലീസുദ്യോഗസ്ഥരെ എതിര്‍കക്ഷി ചേര്‍ത്താണ് ഹര്‍ജിനല്‍കിയിട്ടുള്ളത്. 

പൊലീസ് ചോദ്യംചെയ്യലില്‍ താന്‍ നിരപരാധിയാണെന്നും മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷനുള്‍പ്പെടെ പരിശോധിക്കണമെന്നും പൊലീസിനോട് താജുദ്ദീന്‍ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇയാളെ പ്രതിയാക്കി തടവിലിടുകയായിരുന്നു. 

തുടര്‍ന്ന് മാലപൊട്ടിച്ച കേസില്‍ ശരിയായ പ്രതിയെ പിടികൂടിയതോടെയാണ് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജിക്കാരനെ കുറ്റവിമുക്തനാക്കിയത്. കണ്ണൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലായിരുന്നു താജുദ്ദീന്റെ നിരപരാധിത്വം തെളിഞ്ഞത്. തുടര്‍ന്ന് ചക്കരക്കല്‍ എസ് ഐ ബിജുവിനെ കണ്ണൂര്‍ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. 

തിരികെ വിദേശത്തുപോയ ഹര്‍ജിക്കാരനെ യഥാസമയം ജോലിക്കെത്തിയില്ലെന്നപേരില്‍ ഖത്തറിലെ വിമാനത്താവളത്തില്‍വെച്ച് അവിടത്തെ പൊലീസ് അറസ്റ്റുചെയ്തു. 23 ദിവസം അവിടെ ജയിലിലിട്ടശേഷം ഇന്ത്യയിലേക്ക് തിരിച്ചയച്ചു. അതോടെ ഉപജീവനമാര്‍ഗം നഷ്ടമായി. ഇതിനുത്തരവാദികളായ കണ്ണൂര്‍ ചക്കരക്കല്‍ പോലീസിലെ മൂന്ന് പോലീസുദ്യോഗസ്ഥരെ എതിര്‍കക്ഷി ചേര്‍ത്താണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. 

അറസ്റ്റ്, തടവ്, പീഡനം, ജോലിനഷ്ടം തുടങ്ങി തനിക്കുണ്ടായ വിഷമങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. താജുദ്ദീനൊപ്പം ഭാര്യവും രണ്ടുമക്കളും ഹര്‍ജിക്കാരാണ്. അറസ്റ്റുമൂലം കുടുംബത്തിനുണ്ടായ മനോവിഷമത്തിന് പത്തുലക്ഷം രൂപവീതം നഷ്ടപരിഹാരത്തിന് നിര്‍ദേശിക്കണം. അനാവശ്യമായി തന്നെ അറസ്റ്റുചെയ്തു പീഡിപ്പിച്ച പോലീസുദ്യോഗസ്ഥരുടെ പേരില്‍ അച്ചടക്കനടപടിയെടുക്കണമെന്നും ആവശ്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com