ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ വരുമാനം 31ലക്ഷം ; കൈവശം 512 രൂപ മാത്രം, കുമ്മനത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്

മിസോറം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍  31,83,871 രൂപയാണ് വരുമാനം ലഭിച്ചത്
ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ വരുമാനം 31ലക്ഷം ; കൈവശം 512 രൂപ മാത്രം, കുമ്മനത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്

തിരുവനന്തപുരം ∙ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ്ബിടിയുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷേപവുമുണ്ട്. 10 ലക്ഷം രൂപയുടെ മൂല്യമുള്ള പരമ്പരാഗത സ്വത്തുമുണ്ട്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

മിസോറം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍  31,83,871 രൂപയാണ് വരുമാനം ലഭിച്ചത്. ​ഗവർണർ പദവിയിലെ ശമ്പളമായി കിട്ടിയ തുകയുടെ നീക്കിയിരിപ്പാണ് ബാങ്കിലുള്ള ഒരുലക്ഷം രൂപ. ശേഷിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു.  ഗവര്‍ണര്‍ പദവി വഹിച്ചിരുന്ന കാലത്ത് 31,83,871 വരുമാനം ലഭിച്ചതിനാല്‍ കുമ്മനം ആദ്യമായി ആദായനികുതി അടച്ചതും ഈ വര്‍ഷമാണ്.

തന്റെ പേരിൽ രണ്ട് കേസുകൾ ഉണ്ടെന്നും കുമ്മനം നാമനിർദേശ പത്രികയിൽ വ്യക്തമാക്കി. നിയമവിരുദ്ധമായി യോഗം നടത്തിയതിനു കന്റോണ്മെന്റ് സ്‌റ്റേഷനിലാണു രണ്ടു കേസും. ഒരു സെറ്റ് പത്രികയാണു കുമ്മനം സമര്‍പ്പിച്ചത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ.വാസുകി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ ആണ് പത്രികയില്‍ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്നത്. കെട്ടിവയ്‌ക്കേണ്ട തുകയായ 25,000 രൂപ നല്‍കിയതു ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യ കാര്യദര്‍ശിയും ഹരിവരാസനം രചിച്ച കൊന്നനാകത്ത് ജാനകിയമ്മയുടെ മകളുമായ ബാലാമണിയമ്മയാണ്. 

കവടിയാറിലെ വിവേകാനന്ദ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെ കലക്ടറേറ്റിലെത്തിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി എൻ.കെ.നീലകണ്ഠന്‍ മാസ്റ്റര്‍, മൽസ്യതൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സ്റ്റെല്ലസ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com